തീരപ്രദേശത്തെയും കണ്ടല്‍ ചെടികളെയും സംരക്ഷിക്കുന്നതിനുള്ള ‘ഹരിതവനം’ പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി അഞ്ചുതെങ്ങ് പഞ്ചായത്ത്. കായല്‍തീരങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന കണ്ടല്‍ ചെടികള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനൊപ്പം പഞ്ചായത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. നേരത്തെ അഞ്ചുതെങ്ങ് തീരപ്രദേശത്ത് സമൃദ്ധമായി വളര്‍ന്നിരുന്ന കണ്ടല്‍ ചെടികള്‍ തീരത്തിന് സ്വാഭാവികമായ സംരക്ഷണം ഒരുക്കിയിരുന്നു. ഇവ നശിപ്പിക്കപ്പെട്ടത് കായലോരം ഇടിയുന്നതിനും വിവിധ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിവച്ചു. തുടര്‍ന്നാണ് തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചത്.

കായല്‍ തീരങ്ങളില്‍ 2,800 ചതുരശ്രമീറ്റര്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് അതിനുതാഴെ കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. സര്‍ക്കാര്‍ സ്ഥാപനമായ കുഫോസാണ് വിത്തുകള്‍ ലഭ്യമാക്കുന്നത്. ഇവ മുളപ്പിക്കുന്നത് മുതല്‍ കണ്ടല്‍ ചെടികളുടെ പരിപാലനം വരെ ചെയ്യുന്നത് തൊഴിലുറപ്പ് പ്രവര്‍ത്തകരാണ്. രണ്ട് മുതല്‍ എട്ടുവരെയുള്ള വാര്‍ഡുകളില്‍ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് കണ്ടല്‍ ചെടിള്‍ നട്ടുവളര്‍ത്തുന്നത്. പ്രകൃതി സംരക്ഷണത്തിലുപരി പദ്ധതിയിലൂടെ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു പറഞ്ഞു. മൂന്നുവര്‍ഷം കൊണ്ട് കണ്ടല്‍ ചെടികളുടെ പരിപാലനം ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായി ‘ഹരിതവനം’ മാറും.

ഇതോടൊപ്പം അഞ്ചുതെങ്ങ് കോട്ട , പൊന്നുംതുരുത്ത്, കായിക്കര, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാനും ആലോചിക്കുന്നുണ്ട്. വ്യാപാരാവശ്യത്തിനായി ആറ്റിങ്ങല്‍ റാണി നല്‍കിയ സ്ഥലത്ത് ബ്രിട്ടീഷുകാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണിതതാണ് അഞ്ചുതെങ്ങ് കോട്ട. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൈതൃക വൃക്ഷമായി അംഗീകരിച്ചതും 260 വര്‍ഷം പഴക്കമുള്ളതുമായ രണ്ട് ചെമ്പകമരങ്ങളാണ് ചെമ്പകത്തറയിലെ പ്രധാന ആകര്‍ഷണം. ഇവിടെ ഒരു ചിത്രശലഭ പാര്‍ക്കും ഔഷധസസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും അടിയന്തരമായി ഒരുക്കും. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിലെത്തിയാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകവും കായല്‍ഭംഗിയും ആസ്വദിക്കാം. ഈ സ്ഥലങ്ങള്‍ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജ് ഉടന്‍ അവതരിപ്പിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.