തരിശായി കിടന്ന പുഴയോരം, അരികിലായി മെലിഞ്ഞുണങ്ങിയ പുഴ, ഇതായിരുന്നു വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറത്തു നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാഴ്ച. ഇന്നിവിടമൊരു പച്ച തുരുത്താണ്. മുളങ്കാടുകളും മരുതും പഴവര്‍ഗ്ഗങ്ങളും എല്ലാമുള്ള ജൈവ വനം. ഹരിത കേരളം മിഷന്റെ പച്ച തുരുത്ത് പദ്ധതിയിലൂടെയാണ് ചോലപ്പുറം ഹരിതാഭമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ തുടക്കത്തില്‍ ഒരു പച്ചരുത്തെങ്കിലും നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വെങ്ങപ്പള്ളി പഞ്ചായത്തും ഹരിത കേരളം മിഷനും ഉദ്യമമേറ്റെടുത്തത്. 2019 ലോക പരിസ്ഥിതി ദിനത്തിലാണ് പച്ചതുരുത്ത് പദ്ധതിക്ക് തുടക്കമായത്.

ഇന്നിവിടം ഒരു പച്ചതുരുത്താണ്

എടത്തറകടവ് പുഴയുടെ തീരത്തായി ഒരു ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നിരുന്ന ചോലപ്പുറത്തെ ഒരു ചെറു വനമാക്കാന്‍ ഹരിത കേരളം മിഷനും പഞ്ചായത്തും ചേര്‍ന്ന് തിരഞ്ഞെടുത്തു. പുഴയോരത്തിന്റെ സ്വഭാവികത നഷ്ടപ്പെടാതെ തന്നെ മുളകളും മരങ്ങളും പഴവര്‍ഗ്ഗങ്ങളും ഇവിടെ നട്ടപിടിപ്പിച്ചു. മുളകള്‍, മരുത്, സീതാപ്പഴം, അനാര്‍, നെല്ലി, മാവ്, പ്ലാവ് തുടങ്ങി 600 ലധികം പ്രാദേശിക സസ്യങ്ങളാണ് പച്ചതുരുത്തില്‍ ഇന്ന് വളരുന്നത്. പുഴ സംരംക്ഷണത്തിനായി വയനാടിന്റെ തനത് മുളകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പച്ച തുരുത്തിന്റെ കൃത്യമായ പരിപാലനം ഉറപ്പാക്കാന്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെയും സജ്ജമാക്കി. പച്ച തുരുത്തില്‍ മുള, ചെമ്പരത്തി, ശീമകൊന്ന തുടങ്ങിയ ചെടികള്‍ കൊണ്ട് അനുയോജ്യമായ ജൈവവേലിയും തിരിച്ചറിയാന്‍ ബോര്‍ഡും സ്ഥാപി ച്ചിട്ടുണ്ട്. ദിവസവും രണ്ടു നേരം ചെടികള്‍ നനക്കുന്നു. പച്ച തുരുത്തിന്റെ പരിപാലനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. അവധി ദിവസങ്ങളില്‍ പോലും ചെടികളുടെ നന ഉറപ്പാക്കാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്.

പ്രളയത്തെ അതിജീവിച്ച വനം

അതിജീവനത്തിന്റെ തുരുത്തുകള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഓരോ പച്ചതുരു ത്തുകളും. കഴിഞ്ഞ രണ്ട് പ്രളയത്തെ അതിജീവിച്ച ചരിത്രം കൂടിയുണ്ട് ചോലപ്പുറം പച്ചതുരത്തിന്. പുഴയോര ഭിത്തികളെ തകര്‍ത്തെറിഞ്ഞ് രണ്ട് പ്രളയങ്ങളിലും പുഴ പരന്നൊഴികിയിരുന്നു. മണ്ണിടിച്ചില്‍ തടഞ്ഞ് പുഴയെ സംരംക്ഷിക്കാനും, വെള്ളപൊക്കത്തെ തടയുവാനും പുഴയോരത്ത് മുള തൈകള്‍ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു ശാശ്വത പരിഹാരം. ഇതിന്റെ ഭാഗമായാണ് പച്ച തുരുത്തില്‍ മുളകള്‍ കൂടുതലായും വച്ചുപിടിപ്പിച്ചത്. ഇന്ന് മുന്നൂറിലധികം മുളകള്‍ ജൈവസമ്പത്തായി ഈ തുരുത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. മണ്ണിടിച്ചല്‍ കുറഞ്ഞതും പുഴ അതിന്റെ സ്വഭാവിക ഒഴുക്കിലേക്ക് തിരിഞ്ഞതും പച്ചതുരുത്തിന്റെ വരവോടുകൂടിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കാട് കാക്കാന്‍ കൂട്ടായ്മ

പച്ചതുരുത്ത് സംരക്ഷിക്കാന്‍ പ്രാദേശിക സമിതി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ വാര്‍ഡുമെമ്പര്‍ ചെയര്‍മാനായി, പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, യുവജന സംഘടനാ പ്രതിനിധികള്‍, വായനാശാല പ്രവര്‍ത്തകര്‍, തുടങ്ങിയവരാകും ഈ ജൈവ വനം സംരക്ഷിക്കുക. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒരു നാടിന്റെ കരുതലാണ് ഈ സംഘങ്ങള്‍.

ഈ വനം ഇനി കുട്ടികളുടെ ഉദ്യാനം

സമീപത്തെ വിദ്യാലയങ്ങളുടെ പിന്തുണയും ഹരിത വനത്തിന്റെ പരിപാലനത്തിന് പ്രയോജനപ്പെടുത്തും. ചെറുപ്രായം മുതലേ കുട്ടികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിന് ഈ ജൈവ വനത്തെയും ഭാഗമാക്കും. കുട്ടികള്‍ക്കായി ഉദ്യാനവും ഇരിപ്പിടങ്ങളും ഏറുമാടവും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. അനുദിനം മരുപ്പച്ചയായി മാറുന്ന നാട്ടു ഗ്രാമാന്തരങ്ങളില്‍ ഈ നാട്ടുപച്ചപ്പ് പ്രതീക്ഷയുടെ കുളിരുപകരും. പ്രാദേശിക ജൈവ മേഖല സംരക്ഷണത്തിന് മാതൃകയായി ചോലപ്പുറത്തെ ഈയൊരു ചെറു വനത്തെ ചൂണ്ടികാണിക്കാം.