– ഉദ്ഘാടനം വൈദ്യുതി മന്ത്രി നിർഹിക്കും

കോട്ടയം: രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 25 ന് ഉച്ചകഴിഞ്ഞ് 2.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി അശോക്, കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, ഉഴവൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്‌സ്, പഞ്ചായത്തംഗം സണ്ണി അഗസ്റ്റിൻ, കെ.എസ്.ഇ.ബി ദക്ഷിണ മേഖല വിതരണ വിഭാഗം ചീഫ് എൻജിനീയർ കെ.എസ്. ഡാൺ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
രാമപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നിലവിൽ ഈ ഓഫീസുകൾ പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി. പ്രസരണ വിഭാഗത്തിന്റെ കീഴിലുള്ള 33 കെവി സബ് സ്റ്റേഷന്റെ അങ്കണത്തിൽ 10 സെന്റ് സ്ഥലത്താണ് പുതിയ ഓഫീസ് നിർമിച്ചത്. 82.92 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന് 226.58 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്.