കോട്ടയം: ജില്ലയിലെ കെ.എസ്.ഇ.ബി. ഓഫീസുകൾക്ക് സ്വന്തം കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള പദ്ധതികൾ യാഥാർഥ്യമാക്കി വൈദ്യുതി വകുപ്പ്. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു വേണ്ടി ചെങ്ങളം 110 കെ.വി. സബ്സ്റ്റേഷനിൽ ആധുനീക രീതിയിൽ നിർമിച്ച മന്ദിരം ഫെബ്രുവരി 25 (വെള്ളി) രാവിലെ 10 ന് വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കും.

ഇതോടനുബന്ധിച്ച് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.

കെ.എസ്.ഇ.ബി. ലിമിറ്റഡ് ഐ.ടി. ആൻഡ് വിതരണ വിഭാഗം ഡയറക്ടർ എസ്. രാജ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, മുൻ എം.എൽ.എ.മാരായ വൈക്കം വിശ്വൻ, കെ. സുരേഷ് കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ (തിരുവാർപ്പ്), സബിത പ്രേംജി (അയ്മനം), ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം ജയ്സി നൈനാൻ, തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, പഞ്ചായത്തംഗം റെയ്ച്ചൽ ജേക്കബ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി വ്യവസായി സമിതിയംഗങ്ങൾ എന്നിവർ പങ്കെടുക്കും. കെ.എസ്.ഇ.ബി. ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക് സ്വാഗതവും ഡിസ്ട്രിബ്യൂഷൻ വിഭാഗം ചീഫ് എൻജിനീയർ കെ.എസ്. ഡാൺ നന്ദിയും പറയും.
കെ.എസ്.ഇ.ബി.യുടെ സ്ഥലത്ത് 60 ലക്ഷം രൂപ ചെലവഴിച്ചാണ് 2440 ചതുരശ്ര അടിയിൽ ഇരുനില കെട്ടിടം പൂർത്തിയാക്കിയത്.

പൊതുജനങ്ങൾക്ക് തിരക്കില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വൈദ്യുതീകരണ സാമഗ്രികൾ സൂക്ഷിക്കുന്നതിനും സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്. പാർക്കിംഗിനുമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.