വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ഫെസ്റ്റ് നടത്തി. ‘ഗാസ്‌ക്യന്‍ ബട്കണി‘ എന്ന പേരില്‍ നടത്തിയ മേള കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ അമല്‍ കോളജ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. ഷമീര്‍ ബാബു വിശിഷ്ടാതിഥിയായി. കോളജിലെ എന്‍.എസ്.എസ് യൂനിറ്റും ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളുടെ കൈപ്പുണ്യത്തില്‍ ഒരുങ്ങിയ കുഴലപ്പം, വട്ടയപ്പം, എലാഞ്ചി, നെയ്ച്ചോര്‍ ചിക്കന്‍ കറി, ചപ്പാത്തി, പൊറോട്ട, വിവിധയിനം പുഡിങുകള്‍, കേക്കുകള്‍, പായസം, ഹല്‍വ, പാനീയങ്ങള്‍ തുടങ്ങി നൂറിലധികം വിഭവങ്ങളൊരുക്കി.
ഭക്ഷ്യ മേളയില്‍ നിന്നു കിട്ടുന്ന വരുമാനം മുഴുവനായും എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ‘സഹപാഠിക്കൊരു വീട്‘ പദ്ധതിയിലേക്ക് മാറ്റിവക്കും. എന്‍.എസ്.എസ് യൂനിറ്റിനു കീഴില്‍ നടത്തിവരുന്ന അഭയം ഭവന പദ്ധതിയിലുള്‍പ്പെടുത്തി എട്ടാമത്തെ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാവും. എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.സി ത്വാഹിര്‍, ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് വകുപ്പ് മേധാവി. ഡോ. ജി.ലക്ഷ്മി, അധ്യാപകരായ ഇ.കെ സജീര്‍, വളന്റിയര്‍മാരായ അസ്റിന്‍, അബ്ഷിര്‍ ലാല്‍, ജിബിന്‍, ഫര്‍ഹതുല്ലാ, ദ്വീപിക, നഹിദ എന്നിവര്‍ നേതൃത്വം നല്‍കി.