പ്രിയദർശിനി ടൂറിസം സോണിലെ വിശ്വാസ് പോയിൻ്റിലെക്ക് കാൽനട ചെയ്യുന്ന സഞ്ചാരികൾക്ക് ബില്ലു എന്നും അത്ഭുതമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിൻ്റെ
നേതൃത്വത്തിൽ നടത്തിയ ട്രക്കിങ്ങിലും ബില്ലു തന്നെയായിരുന്നു താരം. പ്രിയദർശിനി ടൂറിസം സോണിലെ പ്രദേശവാസിയായ സി.വി ചന്ദ്രൻ്റെ വളർത്തു നായയാണ് ബില്ലു. വിശ്വാസ് പോയിൻ്റിലെക്ക് എത്തുന്ന എല്ലാവർക്കും വഴികാട്ടി കൂടിയാണ് ബില്ലു. മറ്റ് വളർത്തു നായകളെ പോലെ കഴുത്തിൽ ബെൽറ്റോ, പുതുതായി കാണുന്ന ആളുകളൊട് അമർഷമോ ബില്ലുവിനില്ല. പ്രിയദർശിനിയിൽ എത്തുന്ന എല്ലാവരും ബില്ലുവിൻ്റെ അതിഥികളാണ്.
സുസ്ഥിര വിനോദസഞ്ചാര വികസനത്തിന്റെ പ്രചാരണർഥം സംഘടിപ്പിച്ച ട്രക്കിങ് കാലത്ത് 7.30ക്ക് തന്നെ പ്രിയദർശിനിയിൽ ആരംഭിച്ചു . ട്രക്കിങ്ങിന് പങ്കെടുക്കാന്നെതിയവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയാണ് യാത്ര ആരംഭിച്ചത്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത് ഫ്ളാഗ് ഓഫ് ചെയ്തു.
ആരംഭം മുതലെ ബില്ലുവും ചന്ദ്രേട്ടനും ഒപ്പമുണ്ട് വഴിക്കാട്ടികളായി വിശ്വാസ് പോയിൻ്റിലേക്ക്. ലക്കിടി ഒറിയൻ്റൽ കോളെജിലെയും സുൽത്താൻ ബത്തേരി അൽഫോൺസാ കോളേജിലെയും ട്രാവൽ & ടൂറിസം വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ഡി.റ്റി.പി.സി ജീവിനക്കാർ, ഗ്ലോബ് ട്രക്കേഴ്സ് അംഗങ്ങൾ, ഉണർവ് നാടൻ കലാ പഠനകേന്ദ്രത്തിലെ അംഗങ്ങൾ തുടങ്ങിയവർ വിശ്വാസ് പോയിന്റിലേക്കുള്ള യാത്രയിലുണ്ടായിരുന്നു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി പ്രഭാത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി കെ.ജി. അജേഷ്, ഗ്ലോബ് ട്രക്കേഴ്സ് പ്രതിനിധി ആർ. വിനോദ്, ലൂക്കാ ഫ്രാൻസിസ്, ലിൻ്റോ വർഗീസ് എന്നിവർ സംസാരിച്ചു.