കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ആരംഭിക്കാൻ അനുമതി നൽകി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ട് അസിസ്റ്റന്റ് പ്രൊഫസരുടെ തസ്തികകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ നിലവിലെ പ്രിൻസിപ്പൽ ഡോ കെ. അജയകുമാർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ പ്രൊഫസർ കൂടിയാണ്. നിലവിലുള്ള ഡോക്ടർമാരെ കൂടാതെയാണ് പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ ആശുപത്രി സന്ദർശിച്ച ഘട്ടത്തിൽ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു. വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്ക് പറ്റി ചികിത്സ തേടിയെത്തുന്നവരിൽ നിരവധി പേർക്ക് പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്. ഇവർക്ക് ഗോൾഡൻ അവറിൽത്തന്നെ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങൾ ഉൾപ്പടെ ശരീരത്തിന്റെ ഭാഗമാക്കുന്നതിലൂടെയാണ്. കണ്ണൂർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം വരുന്നതോടെ ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികൾ ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട സ്ഥിതിക്ക് മാറ്റം വരും. ഇതോടെ പ്ലാസ്റ്റിക്ക് സർജറിക്ക് വരുന്ന ഭീമമായ ചികിത്സ ചെലവ് ഒഴിവാക്കാൻ സാധിക്കും.
ഏത് രൂപത്തിലും മാറ്റിയെടുക്കാം എന്ന പ്ലാസ്റ്റിക്കിന്റെ തത്വം ഉൾക്കൊണ്ടാണ് പ്ലാസ്റ്റിക് സർജറി നടത്തുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി സജ്ജമാകുന്നതോടെ ചികിത്സാ രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും. ഭാവിയിൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ ചെയ്യാൻ കഴിയും. കണ്ണൂർ മെഡിക്കൽ കോളേജിൽ കൂടുതൽ തസ്തിക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.