കോതമംഗലം മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിച്ച് വരുന്ന സപ്ലൈകോ മാവേലി സ്‌റ്റോര്‍ കൂടുതല്‍ സൗകര്യങ്ങളോടെ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോറായി ചേലാട് മില്ലുംപടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് സപ്ലൈകോ മാവേലി സൂപ്പർ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു.
സപ്ലൈകോ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവും ആയ
സഞ്ജീബ് പട്ജോഷി സ്വാഗതം ആശംസിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കോതമംഗലത്തെ മാവേലി സ്റ്റോറിനെ മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ത്തിയത്. മെച്ചപ്പെട്ട സൗകര്യത്തില്‍, ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് ഇവിടെ നിന്ന് ലഭ്യമാകും.

പ്രാദേശികതലത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ ഭദ്രദീപം തെളിയിച്ചു. കോതമംഗലം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശാണ് ആദ്യ വില്‍പന നടത്തിയത്. കൗൺസിലർമാരായ എൽദോസ് പോൾ, കെ.എ നൗഷാദ്, സിജോ വർഗീസ്, സപ്ലൈകോ മേഖലാ മാനേജർ എൽ.മിനി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എ ജോയ്, എ.കെ ശിവൻ, എം.എസ് എൽദോസ് എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.