അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 1,99,616 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. 2,237 ബൂത്തുകൾ ജില്ലയിൽ സജ്ജീകരിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു തുള്ളിമരുന്ന് വിതരണം. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും അതിഥിത്തൊഴിലാളി ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മൊബൈൽ ബൂത്തുകളും ഇതിനായി ഒരുക്കിയിരുന്നു.
ഞായറാഴ്ച തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്കായി ഇന്നും ( ഫെബ്രുവരി 28) നാളെയും (മാർച്ച് 1) ഭവന സന്ദർശനത്തിലൂടെ വാക്‌സിൻ നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 1,170 കുട്ടികൾ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി. 2,15,503 കുട്ടികളെ ലക്ഷ്യം വെച്ച പൾസ് പോളിയോ വിതരണത്തിൽ ജില്ലയിൽ 92.6 ശതമാനം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ കഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.