ഗോതുരുത്തിന്‍റെ ചവിട്ടുനാടക പെരുമയുമായി കാറൽസ്മാന്‍ ചക്രവർത്തിയുടെയും അനുചരന്‍മാരുടെയും നിറഞ്ഞാട്ടം. സ്വാതന്ത്ര്യപ്പോരാട്ടത്തിന്‍റെ ചരിത്രത്തിലേക്ക് താളുകൾ മറിച്ച് വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മദിനം ചെറുകഥയ്ക്ക് ഏകാഭിനയഭാഷ്യം രചിച്ച് ചൊവ്വര ബഷീറിന്‍റെ വേഷപ്പകര്‍ച്ച.

കോവിഡിയന്‍ നാളുകളിൽ നഷ്ടമായ വേദികളിലേക്കൊരു തിരിച്ചു പോക്കിന് പുതിയൊരു തുടക്കമാവുകയായിരുന്നു സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി ഇന്‍ഫ‍ർമേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജിൽ സംഘടിപ്പിച്ച സാംസ്കാരികാഘോഷം.

കേരള ചവിട്ടുനാടക അക്കാദമി അവതരിപ്പിച്ച കാറൽസ് മാന്‍ ചരിതത്തിൽ ചെന്തമിഴ് ശീലുകൾക്കും തനത് താളത്തിനുമൊപ്പം അസാമാന്യ മെയ് വഴക്കത്തിൽ കലാകാരന്‍മാർ ചവിട്ടിത്തക‍ർത്തു. മിന്നിത്തിളങ്ങുന്ന കുപ്പായങ്ങളിൽ, പിഴവില്ലാതെ കൊരുത്തു മുന്നേറിയ പടവാളുകളിൽ ജില്ലയുടെ തതന് കലാപാരമ്പര്യത്തിന്‍റെ ഉജ്വലമായ ഭൂതകാലത്തിലേക്കാണ് വിദ്യാർത്ഥികളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരുമടങ്ങുന്ന സദസ് സാക്ഷ്യം വഹിച്ചത്.

ലളിതവും അതേസമയം ഗഹനവുമായ ജീവിതസന്ധികൾ അനാവരണം ചെയ്യുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മദിനം എന്ന ചെറുകഥയ്ക്ക് അൽപ്പം പോലും ഊർജം ചോരാതെയാണ് ചൊവ്വര ബഷീർ ഏകാഭിനയ രൂപം നൽകിയത്. ചാരുകസേരയും ഗ്രാമഫോണും ബഷീറിയന്‍ ജുബ്ബയുമെല്ലാം ചേർന്ന് അനുവാചകരെ നയിച്ചത് സുൽത്താന്‍റെ മാന്ത്രിക ലോകത്തേക്കാണ്.

സെന്‍റ് സേവ്യേഴ്സ് കോളേജ് മലയാളം വിഭാഗം, കെ.എം അലിയാര്‍ വായനശാല, മഹിളാ മണ്ഡലം വായനശാല എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.