*ചെമ്പ് ഗ്രാമപഞ്ചായത്തിൽ 45 ലക്ഷം രൂപയുടെ പദ്ധതികൾക്ക് തുടക്കം
ചെമ്പ് ഗ്രാമപഞ്ചായത്തിൽ സി.കെ. ആശ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപയുടെ പദ്ധതികൾക്ക് തുടക്കം. എട്ടാം വാര്‍ഡിലെ ചേലക്കാവാല റോഡ് കലുങ്ക് , പത്താം വാര്‍ഡിലെ പുല്ലമ്പതറ മുക്കം റോഡ് കലുങ്ക് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം സി. കെ ആശ എം. എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചേലക്കാവാല-അങ്ങാടിക്കടത്ത് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിനും കലുങ്ക് നിര്‍മ്മാണത്തിനുമായി 25 ലക്ഷം രൂപയും പുല്ലമ്പതറ-മുക്കം കൊല്ലേലി റോഡിനും കലുങ്കിനുമായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
തടി കൊണ്ടുള്ള കലുങ്കാണ് പ്രദേശത്ത് നിലവിൽ ഉള്ളത്. ബ്രഹ്മംഗലം- തട്ടാവേലി- തലയോലപ്പറമ്പ് എന്നീ പ്രദേശങ്ങളെ തമ്മില്‍ വളരെ വേഗത്തിൽ ബന്ധിപ്പിക്കുന്ന പുല്ലമ്പതറ കാലുങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ കലുങ്കിന് ഇരുവശങ്ങളിലുമുള്ള നൂറിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി എസ് പുഷ്പമണി, പഞ്ചായത്ത് അംഗങ്ങളായ ആശാ ബാബു, ലയ ചന്ദ്രന്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.