മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല ഓംബുഡ്സ്മാന്‍ എല്‍.സാം ഫ്രാങ്ക്ളിന്‍ സിറ്റിംഗ് നടത്തി. അര്‍ഹതയുണ്ടായിട്ടും തൊഴില്‍ നിഷേധിയ്ക്കപ്പെട്ടവര്‍ക്ക് 7 ദിവസത്തിനകം തൊഴില്‍ നല്‍കുന്നതിന് സിറ്റിംഗില്‍ തീരുമാനമായി. പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം മാര്‍ച്ച് 15ന് മുന്‍പ് നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചു.

മേറ്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട പരാതികളില്‍ , പുതുതായി നിയമിക്കപ്പെട്ട മേറ്റുമാര്‍ക്ക് ഏപ്രില്‍ 15ന് മുന്‍പായി പരിശീലനം നല്‍കി പുതിയ വര്‍ക്കുകള്‍ ഏറ്റെടുത്ത് നല്‍കുന്നതിനും മേറ്റുമാരുടെ ചുമതല 14  ദിവസം കൂടുമ്പോള്‍ മാറ്റി നല്‍കുന്നതിനും ഉത്തരവായി. കളക്ടറേറ്റിലെ ഓംബുഡ്സ്മാന്‍ ഓഫീസില്‍ നടന്ന സിറ്റിംഗില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി നാല്‍പ്പതോളം പരാതികളാണ് ലഭിച്ചത്.