ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയലാര്‍ ഗ്രാമപഞ്ചായത്തിലെ കഴുന്നാരം കോളനിയില്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക നിലയവും മറ്റ് വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതോടെ കഴുന്നാരം കോളനിയുടെ മുഖച്ഛായ മാറും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഓരോ കോളനി വീതം തിരഞ്ഞെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ചേര്‍ത്തല മണ്ഡലത്തില്‍നിന്ന് ഇതിനായി കഴുന്നാരം കോളനിയെയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കോളനിയുടെ സമഗ്ര വികസനത്തിന് പദ്ധതി ഉപകരിക്കും. ഈ മേഖല നേരിടുന്ന വെള്ളപ്പൊക്ക പ്രശ്‌നത്തിനും പരിഹാരമാകും- മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കഴുന്നാരം കോളനി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50.65 ലക്ഷം രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതില്‍ 38 ലക്ഷം രൂപ വിനിയോഗിച്ച് സാംസ്‌കാരികനിലയവും, 12.65 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് നിര്‍മാണവും നടത്തും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.എസ്. ശിവപ്രസാദ്, വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി, വൈസ് പ്രസിഡന്റ് എം.ജി. നായര്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. സാബു, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.വി. ബാബു, വയലാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന തങ്കരാജ്, വയലാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോന്‍ സാബു, രതി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.