വിദ്യാഭ്യാസം ഓരോ കുഞ്ഞിന്റെയും അവകാശം എന്നതിലൂന്നി എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ ഒരുങ്ങുകയാണ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്. ഔദ്യോഗികമായി വിദ്യാഭ്യാസം നേടാൻ കഴിയാത്ത കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുന്നതിന് മുന്നോടിയായി ആവശ്യമായ പിന്തുണ നൽകി പഠന വിടവ് നികത്തുന്നതിനായി പഞ്ചായത്തിൽ രണ്ട് പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ശ്രീമൂലനഗരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി മാർട്ടിൻ നിർവഹിച്ചു.

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷ കേരളം, ആലുവ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ( ബി.ആർ.സി) സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഔട്ട്‌ ഓഫ് സ്കൂൾ സർവ്വേയിലൂടെ ശ്രീമൂലനഗരം പഞ്ചായത്തിൽ കണ്ടെത്തിയ കുട്ടികൾക്കായാണ് പ്രത്യേക പഠനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. അഥിതി തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെയുള്ളത്. ഇവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്നതിന് മുന്നോടിയായി ആവശ്യമായ പരിശീലനങ്ങൾ നൽകും.

യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി അനൂപ് അധ്യക്ഷത വഹിച്ചു. ഔട്ട് ഓഫ് സ്കൂൾ സ്പെഷ്യൽ ട്രെയിനിങ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതിയെക്കുറിച്ചും സമഗ്ര ശിക്ഷ കേരളം എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ്പെറ്റ് തെരേസ് ജേക്കബ് വിശദീകരിച്ചു. ആലുവ ബി.ആർ.സി ബ്ലോക്ക് പ്രൊജക്ട് കോ- ഓർഡിനേറ്റർ ആർ.എസ് സോണിയ , വാർഡ് മെമ്പർ ഡാർലി ജീമോൻ, പഞ്ചായത്തംഗങ്ങളായ വി.എം ഷംസുദ്ദീൻ, ഡേവിസ് കൂട്ടുങ്കൽ, കെ.പി സുകുമാരൻ, എസ്.എസ്.കെ ജില്ല അർബൻ കോ-ഓർഡിനേറ്റർ അശ്വതി.കെ.രാജ്, സി.ആർ.സി (ക്ലസ്റ്റർ റിസോഴ്സ് പേഴ്സൺ )ഷിജ്ന, സ്പെഷ്യൽ എഡ്യുക്കേറ്റർ നിസ ജോസ് എന്നിവർ ആലുവ ബി.ആർ.സി ട്രെയ്നർ കെ.എൽ ജ്യോതി എന്നിവർ സന്നിഹിതരായി.