2018 ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമാണമെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് കേരള സർക്കാർ ആവിഷ്‌കരിച്ച മിഷൻ മോഡ് പദ്ധതിയാണ് റീബിൽഡ് കേരള ഇൻഷ്യേറ്റീവ്. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമിതി വിവിധ വകുപ്പുകളുടെ ഉചിതമായ പദ്ധതികൾ ഏറ്റെടുത്ത് അംഗീകാരം നൽകിക്കൊണ്ട് നടപ്പാക്കുന്ന മാതൃകയാണ് റീബിൽഡ് കേരളയിലൂടെ സാധ്യമാക്കിയിട്ടുള്ളത്. മഹാപ്രളയത്തിലെ നഷ്ടങ്ങളെ അതിജീവിച്ചുകൊണ്ട് അടിസ്ഥാനസൗകര്യങ്ങൾ വീണ്ടെടുക്കാനും പുനർനിർമിക്കാനും പുതിയവ കെട്ടിപ്പടുക്കാനും പ്രാധാന്യം കൊടുക്കുന്ന റീബിൽഡ് കേരളയിലെ പദ്ധതികൾ ഇനിയും പ്രളയം കടന്നുവരാതിരിക്കാൻ പ്രകൃതിസൗഹൃദ നിർമാണം പ്രോത്‌സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
പ്രളയാനന്തര പുനർനിർമിതി സാധ്യമാക്കുന്നതിന് 14 വകുപ്പുകളുടെ 7911.48 കോടി രൂപയുടെ പദ്ധതിയാണ് റീബിൽഡ് കേരളയിലൂടെ വിവിധ പ്രവർത്തനങ്ങൾക്കായി ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഇതിൽ 5196.97 കോടി രൂപ പൊതുമരാമത്ത് വകുപ്പ് വഴി റോഡുകൾ പാലങ്ങൾ എന്നിവയുടെ നിർമാണത്തിനായും 569.79 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ റോഡുകൾ, പാലങ്ങൾ എന്നിവ നിർമിക്കുന്നതിനായും 520.48 കോടി രൂപ കാർഷിക പദ്ധതികൾക്കായും 250 കോടി രൂപ കുടുംബശ്രീയിലൂടെ ഉപജീവന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായും 339.44 കോടി രൂപ പ്രളയത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്്‌നങ്ങൾ പരിഹരിക്കാനായി വിവിധ പദ്ധതികൾക്കായും 182.90 കോടി രൂപ ജലവിതരണത്തിനായും വേണ്ടിയുള്ളതുമാണ്.
ഇപ്രകാരം 7911.48 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയതിൽ 5434.30 കോടി രൂപയുടെ പദ്ധതികൾ ടെണ്ടർ ചെയ്ത് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നിർമാണപുരോഗതി ത്വരിതഗതിയിൽ നടക്കുന്ന ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കേരളത്തിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ വരുമെന്ന് ഉറപ്പാണ്.
പ്രളയത്തിൽ ബുദ്ധിമുട്ട് അനുഭവിച്ച കേരളത്തിന് പ്രളയത്തിന് ശേഷം മികച്ച രീതിയിൽ അടിസ്ഥാന സൗകര്യ വികസനവും പുനർനിർമാണവും സാധ്യമാക്കാനായി മികച്ച ഫണ്ടിങ്ങോടെ സമയബന്ധിതമായി നടപ്പാക്കാൻ ആവിഷ്‌കരിച്ച റീബിൽഡ് കേരള പദ്ധതി സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസനത്തിലെ സമഗ്രവും ഭാവിയെ മുന്നിൽക്കണ്ടുകൊണ്ടുമുള്ള ഇടപെടലാണ്.