മതങ്ങൾ വിശാലമായ കാഴ്ചപ്പാടിൽ ചിന്തിക്കണം: മന്ത്രി പി.രാജീവ്
99-ാമത് സർവമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. സർവ്വമത സമ്മേളനത്തിന്റെ 100-ാം വാർഷികം അടുത്ത വർഷം നടക്കുമ്പോൾ സർക്കാരിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.
മതങ്ങൾ കൂടുതൽ വിശാലമായ കാഴ്ചപ്പാടിൽ ചിന്തിക്കണമെന്നും മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാട് മുറുകെ പിടിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആലുവ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിവരാത്രി ആഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.
അൻവർ സാദത്ത് എംഎൽഎ, നഗരസഭാ ചെയർമാൻ എം ഒ ജോൺ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ, ഫാദർ ഡേവിഡ് ചിറമേൽ, ടി കെ അബ്ദുൾ സലാം മൗലവി, ധർമ്മമിത്ര വയലാർ ഓമനക്കുട്ടൻ, മഞ്ജുഷ ഇമ്മാനുവേൽ മിറിയം, കെ എം രാജൻ, വി സന്തോഷ് ബാബു, കൗൺസിലർമാരായ കെ ജയകുമാർ, ശ്രീലത രാധാകൃഷ്ണൻ, വി ഡി രാജൻ എന്നിവർ സംസാരിച്ചു.
ഇതോടൊപ്പം സംഘടിപ്പിച്ച ശ്രീ നാരായണ ദാർശനിക സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. ട്രഷറർ സ്വാമി ശാരദാനന്ദ അധ്യക്ഷനായി. സ്വാമി ഗുരുപ്രകാശം, സ്വാമി ഗുരുപ്രസാദ്, എ എൻ രാമചന്ദ്രൻ, കെ എസ് സ്വാമിനാഥൻ, എം വി മനോഹരൻ എന്നിവർ സംസാരിച്ചു. ശിവരാത്രിയോടനുബന്ധിച്ച് ആശ്രമം കടവിൽ ബലിതർപ്പണവും നടന്നു.