പശ്ചാത്തല മേഖലയിൽ നൂറ് ശതമാനം തുകയും ചെലവാക്കി മികച്ച സേവനം ഉറപ്പുവരുത്തുകയാണ് വെങ്ങോല ഗ്രാമപഞ്ചായത്ത്. വിവിധ മേഖലകളിൽ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എൻ.ബി ഹമീദ് സംസാരിക്കുന്നു.

ഗതാഗതത്തിന് അഞ്ച് കോടി ….

വെങ്ങോല പഞ്ചായത്തിൽ പശ്ചാത്തല വികസനത്തിൽ ഉൾപ്പെടുത്തിയുള്ള 5.74 കോടി രൂപയുടെ പദ്ധതികൾ അവസാന ഘട്ടത്തിലാണ്. റോഡ് നിർമാണത്തിനായാണ് ഇത്രയും തുകയുടെ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ രണ്ട് പി.എം.ജി.എസ്.വൈ (പ്രധാനമന്ത്രി ഗ്രാമ സടക് യോജന) റോഡുകളുടെ നിർമാണവും ഉടൻ തുടങ്ങും.

കുടുംബശ്രീയിലൂടെ

കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പാത്തിപ്പാലത്ത് പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കുടുംബശ്രീ ഹോട്ടൽ സുഭിക്ഷ ഹോട്ടലാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ജലസേചനം കൂടുതൽ പ്രദേശങ്ങളിലേക്ക്

തൊഴിലുറപ്പ് പദ്ധതി വഴി പെരിയാർവാലി കനാലുകൾ ശുചീകരിക്കുന്നതിലൂടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം ലഭ്യമാക്കാൻ സാധിക്കും. പഞ്ചായത്തിലെ പഴയ വാട്ടർ ടാങ്കിലെ നിലവിലെ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിച്ചാൽ ഒരുപരിധി വരെ ജലക്ഷാമം പരിഹരിക്കാനാകും. ജലദൗർലഭ്യം രൂക്ഷമായിട്ടുള്ള പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കുന്നുണ്ട്. ജലജീവൻ മിഷന്റെ സഹകരണവും കുടിവെള്ള പ്രശ്നത്തിന് ആശ്വാസമാകും. ജല സംരക്ഷണ ശുചിത്വ പരിപാടികളും നടന്നുവരുന്നു.

കേര ഗ്രാമം കർഷകർക്കായി

കേരഗ്രാമം പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഓരോ വാർഡിലേയും കേരകർഷകർക്ക് വളം, ചുവട് മാന്തൽ സേവനം എന്നിവയും വളം സബ്സിഡിയും നൽകുന്നുണ്ട്.. 92 മോട്ടോറുകൾ കർഷകർക്ക് വിതരണം ചെയ്തു. പഞ്ചായത്തിൽ തെങ്ങ്, റബർ , നെല്ല് , കിഴങ്ങ്, എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കാർഷിക മേഖലയിൽ വകയിരുത്തിയ മുഴുവൻ തുകയും വിനിയോഗിച്ചു.

ഭാവിയിലേക്ക് …

പഞ്ചായത്തിന് കീഴിൽ പുതിയ ക്രിമിറ്റോറിയത്തിനായി 73 ലക്ഷത്തിന്റെ പദ്ധതി രൂപീകരിച്ചു. പുതിയ ബഡ്‌സ് സ്കൂളിനായി 50 ലക്ഷം രൂപയുടെ പദ്ധതി രൂപീകരിക്കുകയും പതിനഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നിലവിൽ 20 കുട്ടികളാണ് സ്കൂളിലുള്ളത്. പഞ്ചായത്തിന് കീഴിലുള്ള വൃദ്ധ സദനം പ്രവർത്തനരഹിതമായതിനാൽ അവിടെ വയോജനങ്ങൾക്കായി പകൽ വീട് ഒരുക്കും. കണ്ടന്തറ യു.പി.സ്കൂളിൽ പൊതു വിദ്യാഭ്യാസഫണ്ട് വഴി കെട്ടിട നിർമ്മാണം പൂർത്തിയായി. 1.8 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്.