വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ  കുടുംബത്തിന് നോർക്ക റൂട്ട്സ്  പ്രവാസി തിരിച്ചറിയൽ  കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. സൗദിയിലെ റിയാദിൽ മരിച്ച തൃശ്ശൂർ ചാലക്കുടി കൈനിക്കര വീട്ടിൽ ബിനോജ് കുമാറിന്റെ ഭാര്യ ഷിൽജയ്ക്കാണ് ഇൻഷുറൻസ് തുകയായ നാലു ലക്ഷം രൂപ നോർക്ക റൂട്ടസ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി കൈമാറിയത്.
ഈ സാമ്പത്തിക വർഷം പദ്ധതി വഴി 23 പേർക്ക് 47 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് ജീവാപായം സംഭവിച്ചാൽ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്. മൂന്നു വർഷമാണ് കാർഡിന്റെ കാലാവധി. 18 മുതൽ 70  വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അംഗത്വം ചേരുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. www.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പദ്ധതിയിൽ അംഗമാകാം. വിശദവിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനവും ലഭ്യമാണ്.