കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റേയും സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഭിന്നശേഷി – സഹായ ഉപകരണ നിര്‍ണ്ണയത്തിനായുള്ള തൊടുപുഴ, ഇളംദേശംബ്ലോക്ക് തല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുട്ടം റൈഫിള്‍ ക്ലബ്ബില്‍ നടത്തിയ ക്യാമ്പ് ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. അസ്സിസ്റ്റന്‍സ് ടു ഡിസേബിള്‍ഡ് പേഴ്‌സണ്‍സ് ഫോര്‍ പര്‍ച്ചേസിങ് ഫിറ്റിങ് എയ്ഡ്‌സ് (എ.ഡി.ഐ.പി) എന്ന കേന്ദ്ര പദ്ധതി പ്രകാരം ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി ഭിന്നശേഷിക്കാരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിലെത്തിയ അപേക്ഷകരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം പരിശോധിച്ച് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.

തൊടുപുഴ ബ്ലോക്കില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരില്‍ നിന്നും 62 ഗുണഭോക്താക്കളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവര്‍ക്ക് വീല്‍ചെയര്‍, വാക്കിങ് സ്റ്റിക്ക്, കൃത്രിമ കൈ-കാലുകള്‍, ശ്രവണ സഹായി എന്നിവ വരും ദിവസങ്ങളില്‍ എത്തിച്ച് നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലിംകോ എന്ന സ്ഥാപനം വഴിയാണ് തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നത്.
ചടങ്ങില്‍ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ അദ്ധ്യക്ഷയായി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ വി.ജെ. ബിനോയ് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് ബിന്ദു.എസ്.നായര്‍ നന്ദിയും പറഞ്ഞു.

അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളവര്‍ക്കായി ഇന്ന് (മാര്‍ച്ച് 04) പീരുമേട് എസ്.എം.എസ്. ഹാളിലും, അടിമാലി, ദേവികുളം ബ്ലോക്കുകള്‍ക്കായി മാര്‍ച്ച് 07 ന് മൂന്നാര്‍ പഞ്ചായത്ത് ഹാളിലും ഇടുക്കി, കട്ടപ്പന, നെടുംങ്കണ്ടം ബ്ലോക്കുകള്‍ക്കായി മാര്‍ച്ച് 08 ന് ചെറുതോണി ടൗണ്‍ ഹാളിലും ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി ഇവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുമെന്നും തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് തുടര്‍ന്ന് നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുത്ത് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്നും അധികൃതര്‍ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷനായി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തിച്ചേരണം.