വലിപ്പം കൊണ്ട് വടവുകോട് ബ്ലോക്കിലെ ഇടത്തരം പഞ്ചായത്തുകളിലൊന്നാണെങ്കിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനങ്ങളും നോക്കിയാല്‍ ഏറെ മുന്‍പിലാണ് ഐക്കരനാട് ഗ്രാമപഞ്ചായത്ത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഭരണസമിതിയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്

കോവിഡ് പ്രതിരോധം

പുതിയ ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കോവിഡ് വ്യാപനം. അതേസമയം മഹാമാരിയുടെ രണ്ട്, മൂന്ന് തരംഗങ്ങള്‍ ആഞ്ഞടിച്ചപ്പോഴും പതറാതെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചു എന്നതാണ് ഭരണസമിതിയുടെ നേട്ടവും. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് മാത്രമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചത് ഐക്കരനാട് പഞ്ചായത്തിലായിരുന്നു. രോഗം ഗുരുതരമാകുന്നവര്‍ക്കായി സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും മൂന്നാം തരംഗ സമയത്ത് ഡൊമിസിലിയറി കെയര്‍ സെന്ററും ആരംഭിച്ചു. പഞ്ചായത്തിലെ ഭൂരിഭാഗം പേര്‍ക്കും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കാനായി. നിലവില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ നാല് ഹൈസ്‌കൂളുകളിലായി കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ഇതോടെ പഞ്ചായത്തിലെ വാക്‌സിനേഷന്‍ വിതരണം ഏറെക്കുറെ പൂര്‍ത്തിയായ നിലയിലാണ്.

പൊതുജന സൗഹൃദ പഞ്ചായത്ത്

വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക് സേവനങ്ങള്‍ മുടക്കം വരാതെ ലഭ്യമാക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. പഞ്ചായത്ത് ഓഫീസില്‍ കുറഞ്ഞത് രണ്ട് കൗണ്‍സിലര്‍മാരെങ്കിലും എപ്പോഴും ഉണ്ടാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് ഫണ്ട് എന്ന പേരില്‍ തുക വിഭജിച്ച് നല്‍കാതെ പഞ്ചായത്തിന്റെ പൊതു ആവശ്യം എന്ന നിലയില്‍ പ്രാധാന്യം അനുസരിച്ചാണ് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും.

ഹരിത പഞ്ചായത്ത്

ശുചിത്വത്തിന്റെയും മാലിന്യ സംസ്‌ക്കരണത്തിന്റെയും മേഖലയില്‍ ഏറെ മുന്നിലാണ് ഐക്കരനാട്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നത്. ഓരോ മാസവും ടണ്‍ കണക്കിന് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചാണ് കരാര്‍ കമ്പനിക്ക് നല്‍കുന്നത്. മാലിന്യ സംസ്‌ക്കരണം കൂടുതല്‍ സുതാര്യവും ജനകീയ പങ്കാളിത്തത്തോടെയുമാകും നടപ്പിലാക്കുന്നത്. ഉറവിട മാലിന്യ നിര്‍മാര്‍ജനത്തിനായി അപേക്ഷ നല്‍കുന്ന മുഴുവന്‍ പേര്‍ക്കും ബയോ ബിന്‍, കമ്പോസ്റ്റ് പിറ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്.

വനിതാ വികസനം

സ്ത്രീ ശാക്തീകരണത്തെ വലിയ പ്രാധാന്യത്തോടെയാണ് ഐക്കരനാട് പഞ്ചായത്ത് നോക്കികാണുന്നത്. ഇതില്‍ ഏറ്റവും എടുത്തുപറയേണ്ടത് കുടുംബശ്രീയെക്കുറിച്ചാണ്. നിലവിലെ ഭരണസമിതി അധികാരത്തിലേറിയതിന് പിന്നാലെ 220 കുടുംബശ്രീ യൂണിറ്റുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ പഞ്ചായത്ത് പരിധിയിലുള്ള മിക്ക വീടുകള്‍ക്കും കുടുംബശ്രീയില്‍ പങ്കാളിത്തമുണ്ട്. ഇതിനു പുറമേ വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുട്ടക്കോഴിയും കൂടും പദ്ധതിയും ആട് വിതരണവുമെല്ലാം മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. സമീപ പഞ്ചായത്തുകളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ പേരിലേക്ക് പദ്ധതിയുടെ ഗുണഫലം എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

കുടിവെള്ള വിതരണം

ജലജീവന്‍ മിഷന്‍ വഴി പരമാവധി കുടിവെള്ള കണക്ഷനുകള്‍ നല്‍കി. വേനല്‍ക്കാലത്ത് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം ബാധിച്ച പ്രദേശങ്ങളില്‍ സൗജന്യമായി വെള്ളമെത്തിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളെകൂടി ഉള്‍പ്പെടുത്തി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ബൃഹത് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ വലിയൊരു പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരമാകും.

അങ്കണവാടികള്‍ക്കായി പുത്തന്‍ മാതൃക

ഐക്കരനാട് പഞ്ചായത്തില്‍ 17 അങ്കണവാടികളാണുള്ളത്. അങ്കണവാടി കെട്ടിടങ്ങളില്‍ പലതും പഴക്കമേറിയതായതിനാല്‍ അറ്റകുറ്റപ്പണികള്‍ ഗുണം ചെയ്യില്ല.. ഇത് മുന്‍നിര്‍ത്തി വര്‍ഷാവര്‍ഷം ഏതാനും അങ്കണവാടികള്‍ വീതം പൂര്‍ണമായും പൊളിച്ച് പണിയുന്ന രീതിയാണ് നടപ്പാക്കുന്നത്. വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കൂടി ഉള്‍പ്പെടുത്തിയാണ് നവീകരണം നടത്തുക. അഞ്ച് വര്‍ഷത്തിനകം മുഴുവന്‍ അങ്കണവാടികളും നവീകരിക്കും.

വ്യവസായം, നികുതി പിരിവ്

കാര്‍ഷിക ഗ്രാമം ആണെങ്കിലും നികുതി വരുമാനമാണ് ഐക്കരനാട് പഞ്ചായത്തിന്റെ നട്ടെല്ല്. നികുതി പിരിവില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്താണ്. ഇത് കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് നിരന്തരം ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നു. വന്‍കിട കമ്പനികള്‍ അധികമില്ലെങ്കിലും ചെറുകിട വ്യവസായങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇവയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവയ്ക്ക് ലൈസന്‍സ് എടുക്കുന്നതിനായും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.