കണ്ണെത്താ ദൂരത്തോളം പച്ച പുതച്ച പാടങ്ങളാണ് കരുമാല്ലൂര്‍ പഞ്ചായത്തിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ആയിരം ഹെക്ടര്‍ സ്ഥലത്ത് കൃഷി ഇറക്കണമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുകയാണ് കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു…
കാര്‍ഷിക പഞ്ചായത്ത്
പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടേയും ഉപജീവനമാര്‍ഗം കൃഷിയാണ്. നെല്ല്, വാഴ, പച്ചക്കറി എന്നിവയാണ് പ്രധാന വിളകളെങ്കിലും നെല്ലാണ് കൂടുതലും കൃഷി ചെയ്യുന്നത്. പഞ്ചായത്ത് ഏറ്റവും കൂടുതല്‍ തുക ചെലവാക്കുന്നതും കാര്‍ഷിക മേഖലയിലാണ്. ആയിരം ഹെക്ടറില്‍ കൃഷി ചെയ്യണം എന്നതായിരുന്നു ലക്ഷ്യമെങ്കിലും അതിലേറെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ സാധിച്ചു. ആവശ്യപ്പെടുന്ന കര്‍ഷകര്‍ക്ക് വിത്തും പഞ്ചായത്ത് നല്‍കുന്നുണ്ട്. ജ്യോതി, പൊക്കാളി എന്നീ നെല്ലിനങ്ങള്‍ ഉള്‍പ്പെടെയുള്ള വിത്തുകളാണ് പ്രധാനമായും കൃഷിക്ക് ഉപയോഗിക്കുന്നത്. ഇക്കോ ഷോപ്പ്, കാര്‍ഷിക വിപണന കേന്ദ്രം എന്നിവയിലൂടെ വില്പന നടത്തുന്നുണ്ട്.
നരണിത്തോട് സംരക്ഷിക്കും
പടിഞ്ഞാറന്‍ പാടശേഖരത്തിലെ കൃഷി ആശ്രയിച്ചിരിക്കുന്നത് പെരിയാറില്‍ ആരംഭിച്ച് പെരിയാറില്‍ തന്നെ അവസാനിക്കുന്ന നരണിത്തോടിനെയാണ്. പായല്‍ മൂടി നീരൊഴുക്ക് തടസപ്പെട്ട തോട്ടിലെ പായല്‍ വാരി ആഴം കൂട്ടി നിലനിര്‍ത്തും. ആനച്ചാല്‍ പുഴയുടെ ഭിത്തികെട്ടി സംരക്ഷിച്ച് മത്സ്യകൃഷി നടപ്പിലാക്കും. കൂട് മത്സ്യകൃഷി, പടുതക്കുളം, സാറ്റലൈറ്റ് കരിമീന്‍ വിത്തുല്പാദനം എന്നിവയും നടപ്പിലാക്കും.
ബഡ്സ് സ്കൂളിന് കൈത്താങ്ങ്
ബഡ്സ് സ്കൂള്‍ കെട്ടിടത്തില്‍ കുട്ടികള്‍ക്കായി അടിസ്ഥാന സൗകര്യത്തോടൊപ്പം സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി ചവിട്ടി നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധം
കോവിഡ് പ്രതിരോധത്തിനായി ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. മുഴുവന്‍ സമയവും ആംബുലന്‍സ് സേവനം ലഭ്യമാക്കിയിരുന്നു. വാക്സിനേഷനും നൂറു ശതമാനം പൂര്‍ത്തിയാക്കിയിരുന്നു. സ്കൂളുകളില്‍ തെര്‍മല്‍ സ്കാനര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തി. ഫാമിലി ഹെല്‍ത്ത് സെന്ററും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
34 അങ്കണവാടികളാണ് പഞ്ചായത്തിലുള്ളത്. സ്വന്തമായി സ്ഥലമില്ലാത്ത രണ്ട് അങ്കണവാടികള്‍ക്ക് സ്ഥലം കണ്ടെത്തി. പ്രളയം ബാധിച്ചവ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഗര്‍ഭിണികള്‍ക്കായി സഫല എന്ന പൂരക പോഷകാഹാരം നല്‍കുന്നുണ്ട്. അമൃതം ഫുഡിന്റെ യൂണിറ്റും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാലിയേറ്റീവ് കെയര്‍
വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയറാണ് പഞ്ചായത്തിനുള്ളത്. ആംബുലന്‍സ് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്.
കുടിവെള്ളം ഉറപ്പാക്കും
കരുമാല്ലൂര്‍-കുന്നുകര കുടിവെള്ള പദ്ധതിയിലൂടെ വെള്ളം എത്താത്ത പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്താനാകും. ജല ജീവന് പദ്ധതിയിലൂടെ 1,500 പേര്‍ക്ക് കണക്ഷന് പൂര്‍ത്തീകരിച്ചു. ജലദൗര്‍ലഭ്യം ഏറ്റവും കൂടുതല്‍ നേരിടുന്ന കാരുകുന്ന് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പൊതുജലസ്രോതസുകള്‍ പുനരുദ്ധാരണം നടത്തും. ജലസംഭരണികള്‍ ഉപയോഗിച്ചും കുടിവെള്ളപ്രശ്നം പരിഹരിക്കും.
കുടുംബശ്രീയിലൂടെ
കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക ഗ്രൂപ്പുകളും കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിവരുന്നു. ജില്ലയിലെ തന്നെ മികച്ച കുടുംബശ്രീയാണ് പഞ്ചായത്തിന്റേത്.
മൃഗസംരക്ഷണത്തിനും പഞ്ചായത്ത് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് സബ്സിഡി കൂടാതെ കന്നുകുട്ടി, പോത്തുകുട്ടി എന്നിവ വിതരണം ചെയ്യുന്നുണ്ട്. ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം അവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്രദമാക്കും. വരും വര്‍ഷങ്ങളിലും കൂടുതല്‍ കരുതലോടെ എല്ലാ മേഖലകളിലും പുരോഗതിയോടെ പ്രവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് പ്രസിഡന്റ്.
അഭിമുഖം: നീര്‍ജ ജേക്കബ്
PRISM, I&PRD ERNAKULAM