ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ശരീരത്തിന്റെ വണ്ണം കുറയ്ക്കല്‍ പരിശീലനം തുടങ്ങി. കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവഃപദ്ധതിയുടെ കീഴിലാണ് ജില്ലയില്‍ സൗജന്യ പരിശീലനം ആരംഭിച്ചത്. ലോക അമിതവണ്ണ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐ.ആര്‍. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഹന്ന യാസ്മിന്‍ വയലില്‍ അധ്യക്ഷത വഹിച്ചു. ആയുഷ്മാന്‍ ഭവഃപദ്ധതിയുടെ കണ്‍വീനര്‍ ഡോ. സി.എച്ച് മുജീബ് റഹ്‌മാന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ നാചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പൂജ പരിചയപ്പെടുത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.കെ സുനീറ,ഡോ. എസ്. ശിവാനി എന്നിവര്‍ പങ്കെടുത്തു.

രണ്ട് മാസം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ 34 പേര്‍ ഇതിനകം രജിസ്റ്റ്ര്‍ ചെയ്തിട്ടുണ്ട്. ചിട്ടയായ യോഗപരിശീലനവും ഭക്ഷണക്രമീകരണ നിര്‍ദേശങ്ങളും എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്ത ആളുകളിലേക്ക് ലഭ്യമാക്കും. ജീവിത ശൈലി രോഗങ്ങളെ തടയുക, ആളുകളുടെ അമിതവണ്ണം കുറയ്ക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പ്രമേഹം, രക്താതിസമ്മര്‍ദ്ദം, അമിതവണ്ണം, അമിത കൊളസ്‌ട്രോള്‍, പക്ഷാഘാതം, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള സവിശേഷ പദ്ധതിയാണ് ആയുഷ്മാന്‍ ഭവഃ. ഹോമിയോപ്പതി ചികിത്സ യോടൊപ്പം പ്രകൃതിചികിത്സാ, യോഗ എന്നിവ കൂടി സമന്വയിപ്പിച്ചുള്ള ഒരു ഹോളിസ്റ്റിക്ക് സമീപനമാണ് ആയുഷ്മാന്‍ ഭവഃ യിലെ ചികിത്സാരീതിയുടെ അടിസ്ഥാനം. ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ചാണ് ആയുഷ്മാന്‍ ഭവഃ പ്രവര്‍ത്തിക്കുന്നത്.