കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് മധൂര്‍ പഞ്ചായത്ത്. സര്‍ക്കാര്‍ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ മായിപ്പാടി ഡയറ്റ്, ജില്ലാ പൊലീസ് കേന്ദ്രം, സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്, വനിതാസെല്‍, സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍, നാര്‍കോട്ടിക് സെല്‍, ഫോറസ്റ്റ് ഫൈയിങ് സ്‌ക്വാഡ്, കുടുംബ കോടതി, കിന്‍ഫ്ര വ്യവസായപാര്‍ക്ക് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്താണ് മധൂര്‍. പഞ്ചായത്തിന്റെ വികസന വിഷയങ്ങളെക്കുറിച്ച് മധൂര്‍ പഞ്ചായത്ത് അധ്യക്ഷന്‍ കെ. ഗോപാലകൃഷ്ണ സംസാരിക്കുന്നു.

പ്രഥമ പരിഗണന കൃഷിക്ക്

കൃഷിയാണ് മധൂര്‍ പഞ്ചായത്ത് ഏറെ പ്രാധാന്യം നല്‍കുന്ന മേഖല. കാസര്‍കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തില്‍ 938 ഹെക്ടര്‍ പ്രദേശത്ത് തെങ്ങും 520 ഹെക്ടര്‍ പ്രദേശത്ത് കവുങ്ങും 45 ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷിയും ചെയ്തു വരുന്നു. തരിശ് നിലത്തെ പച്ചക്കറി കൃഷി 15 ഹെക്ടര്‍ പ്രദേശത്ത് നടത്തി വരുന്നു. ഇതോടൊപ്പം വാഴ, മറ്റ് പഴ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയും കൃഷി ചെയ്തു വരുന്നുണ്ട്. ഒരു കോടി ഫലവൃക്ഷതൈകള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. നെല്ലിന് കൂലിച്ചിലവ്, തുരിശ്, ഗ്രോബാഗ് പച്ചക്കറിതൈകള്‍, ഫലവൃക്ഷ തൈകള്‍, വളങ്ങള്‍ തുടങ്ങിയവയും ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തിലെ ജനങ്ങള്‍ കൃഷിഭവന്‍ സേവനങ്ങള്‍ വളരെ മികച്ചതരത്തില്‍ ഉപയോഗിച്ചു വരുന്നു. ഇവര്‍ക്ക് ജലസേചനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കി വരുന്നു.

കുടിവെള്ള പദ്ധതികള്‍ക്കും പ്രാധാന്യം

കുടിവെള്ള ജലസേചന പദ്ധതികള്‍ക്കും പഞ്ചായത്ത് വളരെ പ്രാധാന്യം നല്‍കി വരുന്നു. വിവിധ വാര്‍ഡുകളിലെ കുളങ്ങളും തോടുകളും ശുചീകരിച്ചും വരുന്നു. ഒരേക്കര്‍ പരന്നു കിടക്കുന്ന പറക്കില കുളം കെ.ഡി.പിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരേക്കര്‍ വിസ്തൃതിയിലുള്ള ഉളിയയിലെ ബാക്കത്തിമാര്‍ കുളം ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ നവീകരിച്ചു വരികയാണ്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ 8600 വീടുകളിലേക്ക് കുടിവെള്ളമെത്തും. 2024ഓടെ പദ്ധതി പൂര്‍ത്തീകരിക്കും.

ആധുനിക വാതക ശ്മശാനം

പാറക്കട്ടയില്‍ 99ലക്ഷം രൂപ ചെലവില്‍ പണികഴിപ്പിക്കുന്ന ആധുനിക വാതക ശ്മശാനം വരുന്നു. കേന്ദ്ര ധനകാര്യ കമ്മീഷന്റെ പ്രത്യേക ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന ശ്മശാനത്തില്‍ അനുബന്ധ ഓഫീസ്, കെട്ടിടങ്ങള്‍, ശ്മശാനമെന്ന ഭീതി മാറ്റുന്ന തരത്തിലുള്ള മനോഹര ബൗദ്ധിക സാഹചര്യങ്ങള്‍ എന്നിവയാണ് പദ്ധതി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് മാസത്തോടെ ഉദ്ഘാടനത്തിന് തയ്യാറാകും.

ജനകീയ ഹോട്ടല്‍

പഞ്ചായത്ത് പരിധിയില്‍ ഒരു ജനകീയ ഹോട്ടലാണ് പ്രവര്‍ത്തിക്കുന്നത്. ഉളിയത്തടുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ദിവസം 400റോളം ഭക്ഷണപൊതികള്‍ ചെലവാകുന്നുണ്ട്. നിര്‍മ്മാണ തൊഴിലാളികളും ബസ് ജീവനക്കാരും സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളുമാണ് ഹോട്ടലിലെ നിത്യ സന്ദര്‍ശകര്‍.

32 ഗുണഭോക്താക്കളുമായി ബഡ്സ് സ്‌കൂള്‍

ഉളിയത്തടുക്കയിലെ ദീന്‍ദയാല്‍ ബഡ്സ് സ്‌കൂളില്‍ 32 കുട്ടികളാണ് ഉള്ളത്. രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കോവിഡിനെ തുടര്‍ന്ന് തുറന്നിട്ടില്ലെങ്കിലും ഓണ്‍ലൈനായി ടീച്ചര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു വരുന്നു. സൗകര്യാനുസരണം ടീച്ചര്‍ കുട്ടികളുടെ വീടുകളില്‍ ചെന്ന് പരിശീലനം നല്‍കിയിരുന്നു.

ആരോഗ്യ മേഖലയിലും ശക്തമായ പ്രവര്‍ത്തനങ്ങള്‍

കോവിഡ് കാലത്ത് കൗമാരക്കാരില്‍ ഉണ്ടാകുന്ന മാനസീക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ബോധവത്ക്കരണവും കൗണ്‍സിലിങ് ക്ലാസുകളും നല്‍കി. കോവിഡ് ഒന്നും രണ്ടും മൂന്നും തരംഗങ്ങളെ പ്രതിരോധിക്കാന്‍ വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികള്‍ നടത്തി. പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. പെയ്ന്‍ ആന്റ് പാലിയേറ്റീവ് പരിചരണ പദ്ധതിക്കായി 14 ലക്ഷത്തിലധികം രൂപ വകയിരുത്തിയിട്ടുണ്ട്.

താമസ സൗകര്യവും പൊതു അടുക്കളയുമുള്ള ആന്റി സൈക്ലോണ്‍ ഷെഡ്

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യവും പൊതു അടുക്കളയുമുള്ള ആന്റി സൈക്ലോണ്‍ ഷെഡ് വളരെ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന റവന്യൂ ഉഭവന നിര്‍മ്മാണ ദുരന്ത നിവാരണ വകുപ്പ് ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച അഭയ കേന്ദ്രം 2021 ഫെബ്രുവരി മാസം ഉദ്ഘാടനം ചെയ്ത് പ്രവര്‍തത്തനം ആരംഭിച്ചു. പഞ്ചായത്തിനകത്തെ പരിശീലന പരിപാടികളും മറ്റും ഇവിടെ നടക്കുന്നുണ്ട്.

വിട്ടുവീഴ്ചയില്ലാതെ ശുചിത്വം

ശുചിത്വത്തിലും വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മധൂര്‍ പഞ്ചായത്തില്‍ നടന്നു വരുന്നത്. ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ 36 അംഗങ്ങള്‍ വീടുകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും തുണിത്തരങ്ങളും ശേഖരിച്ച് തരംതിരിച്ച് സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മാലിന്യം നിറഞ്ഞ ചൂരിത്തോട് ശുചീകരിച്ച് സംരക്ഷണഭിത്തി തീര്‍ക്കാനുള്ള പദ്ധതികള്‍ നടന്നു വരികയാണ്. ടേക്ക് എ ബ്രേക്ക് എന്ന വഴിയിടത്തിന്റെ പ്രവര്‍ത്തനത്തിലും മികച്ച പ്രതികരണമാണ് ജനങ്ങള്‍ക്കുള്ളത്.

യു.കെ ഗട്ടി ഗ്രൗണ്ട് സ്റ്റേഡിയമാകും

ഉളിയത്തടുക്കയിലെ യു.കെ ഗട്ടി ഗ്രൗണ്ട് സ്റ്റേഡിയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കാസര്‍കോട് വികസനപാക്കേജിന്റെ സഹകരണത്തോടെ പ്രവര്‍ത്തനം നടത്താനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.

പൂര്‍ത്തീകരിച്ചത് 145 ലൈഫ് വീടുകള്‍

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ 145 കുടുംബങ്ങള്‍ക്ക് വീട് നല്‍കി. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനവും കഴിഞ്ഞു. നിലവില്‍ ലഭിച്ച ലൈഫ് അപേക്ഷയിന്‍മേല്‍ 93ശതമാനം സര്‍വ്വേ പൂര്‍ത്തീകരിച്ചു. 1511 അപേക്ഷകളാണ് പഞ്ചായത്തില്‍ ലഭിച്ചത്.

അഭിമുഖം : ദില്‍ന എ പി