ചുറ്റും ആറുകളുള്ള കര എന്ന നിലയിലാണ് ചിറ്റാറ്റുകര എന്ന പേര് ഉണ്ടായത്. പെരിയാര്‍ നദിയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട ജലസമൃദ്ധമായ ഈ പ്രദേശത്ത് ബഹുഭൂരിപക്ഷവും പരമ്പരാഗത വ്യവസായങ്ങളിലും കൃഷി, മത്സ്യബന്ധനം, സ്വയം തൊഴില്‍ മേഖലകളിലും തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന സാധാരണക്കാരാണ്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍ സംസാരിക്കുന്നു…

ഭാവിക്കൊരു കുടമരം

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിനെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഭരണസമിതി. ഇതിനായി 35 പ്രോജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ഭാവിക്കൊരു കുടമരം. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിനെ ഭൗമതാപത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി എല്ലാ വീടുകളിലും തരിശുഭൂമികളിലും മരങ്ങള്‍ വച്ച് പിടിപ്പിച്ച് മരക്കുടയൊരുക്കും. ഫലവൃക്ഷത്തൈകള്‍ കൂടുതലായി വച്ചുപിടിപ്പിക്കുന്നതിലൂടെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്താനും പ്രകൃതിദത്തമായ ഫലമൂലാദികള്‍ കഴിക്കുന്നതിലൂടെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും സഹായിക്കും.

തൊഴിലിടം കൃഷിയിടം

കൃഷിക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളോടെയാണ് 14-ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷം തന്നെ തുടക്കം കുറിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ പഞ്ചായത്തിലെ 18 വാര്‍ഡിലുകളിലായി വിവിധ ഇനം ജൈവപച്ചക്കറികള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കും. ഓരോ വിളകള്‍ മാത്രം ഓരോ വാര്‍ഡിലും കൃഷിചെയ്യുന്ന ‘ഒരിനം വിള സമൃദ്ധി’ എന്ന പദ്ധതിയിലൂടെ എല്ലാ വാര്‍ഡിലും കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് കൃഷിയിറക്കും.

തൊഴിലുറപ്പ് തൊഴിലാളികള്‍

തൊഴിലെടുക്കുന്ന സ്ഥലങ്ങളെല്ലാം കൃഷിയിടങ്ങളാക്കി മാറ്റാനുള്ള ഇടപെടല്‍ നടത്തും. തൊഴിലിടം കൃഷിയിടം എന്ന ആശയത്തിലൂടെ തൊഴിലുറപ്പ് തൊഴിലാളികളെ കൃഷിയുടെ പ്രചാരകരാക്കി മാറ്റും.

ആയുര്‍വേദ മെഡിസിന്‍ പാര്‍ക്ക്

അന്യംനിന്നുകൊണ്ടിരിക്കുന്ന ഔഷധ സസ്യങ്ങളുടെ കലവറ ഒരുക്കി വിദ്യാര്‍ത്ഥികള്‍ക്ക് പാരമ്പര്യ ചികിത്സാ രീതികളെ അടുത്തറിയുന്നതിനും പ്രകൃതിദത്തമായ പാര്‍ശ്വഫലങ്ങളില്ലാത്ത ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അറിവ് ഉണര്‍ത്തുന്നതിനുമായി ഔഷധ സസ്യോദ്യാനം ഒരുക്കി മുസരീസ് പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമാക്കും. തണ്ണീര്‍ത്തടങ്ങള്‍, പൊതുകുളങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനോടൊപ്പം കുളത്തില്‍ താമര കൃഷി പ്രോത്സാഹിപ്പിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പ്രഭാത -സായാഹ്ന സവാരികള്‍ നടത്തുന്നതിനുള്ള വാക്ക് വേകളും നിര്‍മ്മിക്കും.

ചക്ക ഗ്രാമം

പഞ്ചായത്തിലെ എല്ലാ വീടുകളിലും വിവിധയിനം പ്ലാവിന്‍തൈ നട്ടുപിടിപ്പിക്കുന്നതിലൂടെ ഭാവിയിലെ കല്പവൃക്ഷം എന്ന നിലയില്‍ പ്ലാവിനെ മാറ്റിയെടുത്ത് ചിറ്റാറ്റുകരയെ ചക്ക ഗ്രാമമാക്കി മാറ്റും.

മാലിന്യ നിര്‍മാര്‍ജനം

എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേന രൂപീകരിച്ച് സജീവമായി മാലിന്യ ശേഖരണം നടത്തിവരുന്നു. എംസിഎഫുകളും മിനി എംസിഎഫുകളും സ്ഥാപിച്ച് മാലിന്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനൊപ്പം ഹരിത കര്‍മ്മസേനാംഗങ്ങളെ തൊഴില്‍ ദാതാക്കളാക്കി മാറ്റുന്ന ദൗത്യവും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിരിക്കുകയാണ്.

അടിസ്ഥാന സൗകര്യ വികസനം

പ്രദേശത്തെ പ്രധാന പ്രശ്‌നമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കൈത്തോടുകളുടെ ആഴം വര്‍ധിപ്പിക്കുക, മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക, അരിക് കെട്ടി സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം റോഡ് നവീകരണത്തിനായി 38 ലക്ഷം രൂപ ചെലവഴിച്ചു. ദീര്‍ഘകാലം നിലനില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിച്ച് പശ്ചാത്തല മേഖലയില്‍ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കും.

മികവേറിയ ആരോഗ്യ രംഗം

ഡോക്‌സി വാരാചരണം, ജലജന്യ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍, കൊതുക് നിവാരണം തുടങ്ങിയവ ആരോഗ്യമേഖലയില്‍ നടത്തി വരുന്നു. മാത്രമല്ല, ബ്ലോക്ക്തലത്തില്‍ തന്നെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്താണ് ചിറ്റാറ്റുകര. 15 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. രണ്ട് ഡോസ് വാക്‌സിനും നൂറ് ശതമാനം പൂര്‍ത്തിയാക്കി. ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന ഹോപ് പദ്ധതിക്ക് തുടക്കമിട്ടു. ഓരോ വീട്ടിലും ഒരു ആരോഗ്യ വളണ്ടിയറെ നിയമിച്ച് ത്രിതല ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും.

വിദ്യാഭ്യാസ രംഗം

ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളും നാല് എല്‍പി സ്‌കൂളുകളും ഉള്‍പ്പെടെ അഞ്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളും എല്ലാ വാര്‍ഡുകളിലും അങ്കണവാടികളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. കുട നിര്‍മ്മാണം, ബുക്ക് ബൈന്‍ഡിംഗ് തുടങ്ങിയ പരിശീലനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം കുടുംബശ്രീയുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് ഐ.എ.എസ് കോച്ചിംഗ് നല്‍കുകയും ചെയ്തിരുന്നു. അങ്കണവാടികളില്‍ ശിശു സൗഹൃദ പെയിന്റിംഗ് ചെയ്യുന്നുണ്ട്.

വയോജന സൗഹൃദ പഞ്ചായത്ത്
‘മരത്തണലില്‍ ഇത്തിരി നേരം’

പഞ്ചായത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന വയോജന ക്ലബുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് മരത്തണലില്‍ ഇത്തിരി നേരം. നാട്ടറിവുകള്‍ പങ്ക് വയ്ക്കല്‍, വയോജനങ്ങളുടെ ഒത്തുകൂടല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തുന്നു. അടുത്ത വര്‍ഷം ഒരു പകല്‍ വീട് നിര്‍മിക്കാനുള്ള പദ്ധതി പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്നു പദ്ധതി തയ്യാറാക്കും. ഇതിനുപുറമേ വയോജനങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നു.

ക്ഷീര സാഗരം

ജില്ലാപഞ്ചായത്തിന്റെ ക്ഷീര സാഗരം പദ്ധതി പ്രകാരം 10 യൂണിറ്റുകള്‍ക്ക് ഏഴ് പശുക്കള്‍ വീതം വാങ്ങാനായി 6.25 ലക്ഷം രൂപ വീതം നല്‍കി. പഞ്ചായത്തിലെ ക്ഷീര കര്‍ഷകരുടെ സഹായത്തോടെ ബയോഗ്യാസ് പ്ലാന്റുകള്‍ വ്യാപകമാക്കി കാര്‍ബണ്‍ ന്യൂട്ടല്‍ പദ്ധതിയുടെ ഭാഗമാക്കും. ജൈവ വള നിര്‍മ്മാണ മേഖലയിലും ക്ഷീര കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കും.

യുവജനക്ഷേമം

യുവജനങ്ങള്‍ക്കായി വിവിധ പരിശീലന ക്ലാസുകള്‍, ജോബ് ഫെയറുകള്‍ എന്നിവ പഞ്ചായത്ത് നടത്തി വരുന്നു. ജോബ് ഫെയര്‍ വഴി അന്‍പതോളം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കണക്ട് ടു വര്‍ക്ക് പദ്ധതി മാതൃകാപരമായി ഇവിടെ നടത്തിയിരുന്നു. അതുവഴി നിരവധി പരിശീലനങ്ങളും ജോബ് ഫെയറുകളും യുവജനങ്ങള്‍ക്ക് നല്‍കി. ഐടി മേഖലയുടെ സഹായത്തോടെ പഞ്ചായത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് യുവജനങ്ങളുടെ മീറ്റ് ആന്റ് ടോക്ക് സംഘടിപ്പിക്കും.

ഊഞ്ഞാലാടാം ഉല്ലസിക്കാം

കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ കൂടുതല്‍ മരങ്ങള്‍വച്ചുപിടിപ്പിക്കാന്‍ കുട്ടികളില്‍ താല്പര്യമുണര്‍ത്തുന്നതിനായി ഈ ആശയം പ്രചരിപ്പിക്കും. കംപ്യൂട്ടര്‍ -മൊബൈല്‍ ഗെയിമുകളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് പകരം, കളിച്ചുല്ലസിച്ച് വളരുന്ന ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും.

അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി യുവജനങ്ങള്‍ക്ക് സൈക്കിള്‍ നല്‍കുക, ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനായി ധനസഹായം നല്‍കുക തുടങ്ങിയ പദ്ധതികള്‍ക്കൊപ്പം പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിച്ച് നിരത്തുകളില്‍ മലിനീകരണം കുറച്ച് ശുദ്ധവായു നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

പോര്‍ട്ടബിള്‍ മത്സ്യ മാര്‍ക്കറ്റ്, ജൈവ പച്ചക്കറി വിപണനത്തിനായി ഗ്രാമ ചന്തകള്‍, കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണനത്തിനായി സ്ഥിരം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍.

അഭിമുഖം: നിസ്രി എം.കെ