*സംസ്ഥാനതല ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു

കര്‍ഷകര്‍ സമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവരാണെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെ കടമയാണെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാനതല ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി ഉല്‍പാദനത്തില്‍ എല്ലാവരും സ്വയം പര്യാപ്തത കൈവരിക്കണമെന്നും ഇതിലൂടെ ഒരു പരിധിവരെ രോഗങ്ങളെ ഇല്ലാതാക്കാമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകനാണ് നാടിന്റെ നട്ടെല്ല്്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തിന്റെ ഗതി മാറും. ആരോഗ്യത്തിന് പരിഗണന നല്‍കുന്ന സമൂഹത്തില്‍ കൃഷി ജീവിതചര്യയാക്കി മാറ്റണമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കേര- ക്ഷീര കര്‍ഷകരുടെയും, തീരദേശ നെല്‍ കര്‍ഷകരുടെയും സംസ്ഥാന തല ശില്‍പശാലകളുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു.
പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി .പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. കേന്ദ്ര സ്റ്റാഫ് ക്ലബ് കലാ കായിക മത്സരങ്ങളില്‍ വിജയിച്ച ടീമിനുള്ള ട്രോഫി മന്ത്രി സമ്മാനിച്ചു. കര്‍ഷക പങ്കാളിത്ത ഗവേഷണത്തില്‍ പങ്കാളികളായ കര്‍ഷകര്‍, മുന്‍ കേന്ദ്ര മേധാവികള്‍, ശതാഭിഷിക്ത സ്റ്റാഫ് അംഗങ്ങള്‍ എന്നിവരെയും മന്ത്രി ആദരിച്ചു.

ഔഷധ സസ്യ മാതൃ തോട്ടത്തിന്റെയും ഔഷധ മൂല്യാധിഷ്ഠിത തോട്ടത്തിന്റെയും ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷമി നിര്‍വ്വഹിച്ചു. പ്രസിദ്ധീകരണങ്ങളുടെയും ഡോക്യൂമെന്ററികളുടെയും പ്രകാശനം കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എ.സക്കീര്‍ ഹുസൈനും, സെമിനാറുകളുടെ ഉദ്ഘാടനവും വിവിധ ജൈവ ഉത്പാദന ഉപാധികളുടെയും ജൈവ അരിയുടെ വിതരണോദ്ഘാടനവും പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരിയും നിര്‍വ്വഹിച്ചു.
കിഴങ്ങു വിളകളുടെ പ്രദര്‍ശനത്തോട്ടത്തിന്റെയും വിവിധ പരിശീലനങ്ങളുടെയും ഉദ്ഘാടനം സി പി സി ആര്‍ ഐ സസ്യസംരക്ഷണ വിഭാഗം മേധാവി ഡോ. വിനായക് ഹെഗ്‌ഡേ , ഐ എഫ് എസ് തോട്ടം ഉദ്ഘാടനം പടന്നക്കാട് കാര്‍ഷിക കോളജ് ഡീന്‍ ഡോ. പി.കെ മിനി എന്നിവര്‍ നിര്‍വ്വഹിച്ചു. ആര്‍ എ ആര്‍ എസ് എക്‌സിബിഷന്‍ ഹാള്‍ കേരള സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി ജയരാജ് ഉദ്ഘാടനം ചെയ്തു.

ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, അസോസിയേറ്റ് ഡയറകട്ര്‍ ഡോ ടി വനജ, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. വി.പി നീമ, ആര്‍എആര്‍എസ് അസോസിയേറ്റ് പ്രൊഫസര്‍ പി കെ രതീഷ്, പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കൃഷ്ണന്‍, മെമ്പര്‍ പി അജിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക വികസന പരിപാടികള്‍ ഫാം സന്ദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.