തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. അറവുമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, ഹോട്ടല്‍ മാലിന്യങ്ങള്‍ തുടങ്ങിയവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്തെത്തിയത്. ഇതര ജില്ലകളില്‍ നിന്നും മാലിന്യം കൊണ്ടുവരുന്നത് ഹൈക്കോടതി വിലക്കിയിട്ടുള്ളതിനാല്‍ വാഹനം കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളുണ്ടാവുമെന്നു പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പു നല്‍കി. ആരോഗ്യവകുപ്പ് അധികൃതരുടെയും പൊലിസിന്റെയും സഹകരണത്തോടെയായിരിക്കും നടപടി. പന്നി തീറ്റ എന്ന വ്യാജേന വ്യാപകമായ തോതില്‍ പ്രതിഫലം ഈടാക്കി കൊണ്ടുവരുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും ജലസ്രോതസുകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും കുഴിച്ചുമൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പന്നിഫാം നടത്തിപ്പിനു പഞ്ചായത്ത് ലൈസന്‍സ് നിര്‍ബന്ധമാക്കും. ലൈസന്‍സ് ഇല്ലാത്തവ അടച്ചുപൂട്ടുമെന്നും സെക്രട്ടറി അറിയിച്ചു.