പ്രാദേശികതലത്തിൽ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളെ വിറ്റഴിക്കാനുള്ള വിപണിയാക്കി മാവേലിസ്റ്റോറുകളെ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ.”നവകേരളം തദ്ദേശകം 2022 “പരിപാടിയിൽ തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാരുടെ അഭിപ്രായങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

ഇതുവഴി പ്രാദേശിക സംരംഭങ്ങൾക്ക് കൂടുതൽ വിപണന സാധ്യത വഴിതുറക്കും. നിർത്തലാക്കിയ മാവേലി സ്റ്റോറുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിക്കും. നടത്തിപ്പിനാവശ്യമായ വാടക തുക അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഹിക്കണം. മാവേലി സ്റ്റോറുകളുടെ സുഗമമായ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരെ ഉൾപ്പെടുത്തി കൊണ്ട് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് ഭവനം നിർമ്മിക്കുന്നതിനുള്ള തുക അവരുടെ പേര് ഉൾപ്പെട്ടിട്ടുള്ള തദ്ദേശസ്ഥാപനങ്ങൾ തന്നെ വഹിക്കണം. തദ്ദേശ സ്ഥാപനങ്ങൾ തരിശുനില കൃഷിക്ക് പ്രാധാന്യം നൽകണം. ഭൂവുടമകൾ തന്നെ കൃഷി ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചാൽ അവരുമായി സഹകരിച്ച് കൃഷിചെയ്യാം. ഭൂമി തരിശിടാൻ പാടില്ല എന്നതു മാത്രമാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.