കോവിഡ് സാഹചര്യത്തിൽ ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള പതിവ് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാൻ കഴിയാതെ പോയവർക്ക് പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുന്നതിനുള്ള മിഷൻ ഇന്ദ്രധനുഷ് പരിപാടിക്ക് ജില്ലയിൽ മാർച്ച് 7 ന് തുടക്കമാകും. രണ്ട് വയസ് വരെയുളള കുട്ടികൾക്കും ഗർഭിണികൾക്കും രോഗപ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കും. ഇതു വരെ രോഗ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതോ, ഭാഗികമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തതോ ആയ കുട്ടികളെയും ഗർഭിണികളെയും കണ്ടത്തി പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയാണ് ലക്ഷ്യം.

ബിസിജി, ഒപിവി, ഐപിവി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്‌സിന്‍, എംആര്‍, ഡിപിറ്റി, ടിഡി തുടങ്ങിയ വാക്‌സിനുകള്‍ വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പ്രകാരം യഥാസമയം കൊടുക്കുവാന്‍ വിട്ടുപോയിട്ടുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുവാനായാണ് ഈ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ രണ്ട് വയസ്സിന് താഴെയുള്ള 548 കുട്ടികൾക്കും 79 ഗർഭിണികൾക്കും വാക്സിൻ നൽകുവാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയിൽ മാർച്ച് 7 ന് ആരംഭിച്ച് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ 7 ദിവസം വീതമുള്ള 3 റൗണ്ടുകളിലായാണ് പരിപാടി നടപ്പിലാക്കുന്നത്. തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിലോ എത്തി രോഗപ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടതാണ്. കേരളത്തിൽ എറണാകുളം ഉൾപ്പെടെയുള്ള 9 ജില്ലകളിലാണ് മിഷൻ ഇന്ദ്രധനുഷ് നടപ്പിലാക്കുന്നത്.