പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന വിദ്യാസാഹിതി അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല ഇന്ന്(08 മാർച്ച്) രാവിലെ 10ന് തിരുവനന്തപുരം ശ്രീകാര്യം മരിയറാണി സെന്ററിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അദ്ധ്യക്ഷത വഹിക്കും. പ്രമുഖ നിരൂപകൻ ഇ.പി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ കെ. ജയകുമാർ, പ്രൊഫ. വി. മധുസൂദനൻ നായർ, ഡോ. പി.കെ. രാജശേഖരൻ, ഡോ. എസ്. രാജശേഖരൻ, കെ.ഇ.എൻ, എ.ജി. ഒലീന, മുരുകൻ കാട്ടാക്കട, അനിത തമ്പി, കണിമോൾ, ഡോ. എം.എ. സിദ്ദീഖ്, തുടങ്ങിയവർ ക്ലാസുകൾ നയിക്കും. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം മലയാളം മിഷൻ മുൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ കവിതയെഴുത്തുകാരായ അധ്യാപകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ് ശില്പശാലയിൽ പങ്കാളികളാവുന്നത്. വിനോദ് വൈശാഖിയാണ് ക്യാമ്പ് ഡയറക്ടർ.