കല്‍പ്പറ്റ: മികച്ചയിനം ഉരുക്കളെ വളര്‍ത്തിയെടുക്കാന്‍ വയനാട്ടില്‍ കാറ്റില്‍ഫാം തുടങ്ങാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്നു സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. കാക്കവയല്‍ തെനേരിയില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമവും തെനേരി ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് 100 പശുക്കിടാരികളെ വളര്‍ത്താനുള്ള ഫാം തുടങ്ങുക. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പശുക്കളുടെ ഗുണനിലവാരം കുറവാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ കാറ്റില്‍ഫാം എന്ന ആശയം സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. പാല്‍, ഇറച്ചി, മുട്ട ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തരാവുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഇതില്‍ പ്രധാനം ക്ഷീരമേഖലയാണ്. ജില്ലയിലെ ക്ഷീരസംഘങ്ങള്‍ കൂട്ടിയിണക്കി പാലുല്‍പാദനം വര്‍ദ്ധിപ്പിക്കണം. ക്ഷീരമേഖല സംരക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. തെനേരി ക്ഷീരകര്‍ഷക പരിശീലനകേന്ദ്രം, ബള്‍ക്ക് കൂളര്‍, ബയോഗ്യാസ് പ്ലാന്റ്, നവീകരിച്ച ലാബ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ എ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അബ്രഹാം ടി. ജോസഫ്, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, കല്ലട രമേശ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.