കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ  തിരുവനന്തപുരം ജില്ലയിൽ 73 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 13 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. നാലു വീടുകൾ പൂർണമായും 69 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ അടിമലത്തുറ മരിയനഗർ കോൺവെന്റിൽ മൂന്നു കുടുംബങ്ങളിലെ ഏഴു പേരും ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങ് വി.വി.എൽ.പി.എസിൽ 35 കുടുംബങ്ങളിലെ 119 പേരുമുണ്ട്.

വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയതിനെത്തുടർന്ന് തിരുവനന്തപുരം താലൂക്കിൽ മണക്കാട്, വഞ്ചിയൂർ എന്നിവിടങ്ങളിൽ തുറന്നിരുന്ന ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു. മണക്കാട്, കാലടി എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിൽ 52 പേരും വഞ്ചിയൂർ പുത്തൻപാലം കമ്മ്യൂണിറ്റി സെന്ററിൽ 150 പേരുമാണുണ്ടായിരുന്നത്.