വായനയിലൂടെ ഭാവനയും സർഗശേഷിയും വളർത്താൻ കുട്ടികൾക്കു കഴിയണമെന്ന് നിയമസഭ സ്പീക്കർ പി. രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. അറിവും അനുഭവവും നൽകുന്ന യാത്രകളാണ് വായന. കുട്ടികൾക്കു വായനയുടെ ലോകത്തിലേക്കു പ്രവേശിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഉപാധിയാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണങ്ങൾ. കഥകളിലൂടെയും കവിതകളിലൂടെയുമെല്ലാം മനസിലെ ഭാവന വളർത്താനുള്ള കഴിവ് കുട്ടികൾ സ്വായത്തമാക്കണമെന്നും സ്്പീക്കർ പറഞ്ഞു.
ശ്രീചിത്ര ഹോമിൽ നടന്ന ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ബുക്ക് മാർക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രൻ, കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം ഡോ. അജയപുരം ജ്യോതിഷ് കുമാർ, എസ്. സജിനി,  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി. രാധാകൃഷ്ണൻ, ശ്രീചിത്ര ഹോം സൂപ്രണ്ട് കെ.കെ. ഉഷ എന്നിവർ പ്രസംഗിച്ചു.
എ.പി.കെ. പൊതുവാൾ രചിച്ച ‘കണ്ടുപിടുത്തങ്ങളുടെ കഥ’, ഡോ. കുര്യാസ്‌കുമ്പളക്കുഴിയുടെ ‘ഡോ.എസ്. രാധാകൃഷ്ണൻ; താത്വികനായ രാഷ്ട്രപതി’, മടവൂർ ശശിയുടെ ‘കാടിന്റെ പാഠങ്ങൾ’, ആലിത്തറ ജി. കൃഷ്ണപിള്ളയുടെ ‘വല്ലംനിറ നിറയോ’, പ്രൊഫ. പി. രാമചന്ദ്രന്റെ ‘ഇന്ത്യ പറഞ്ഞ ഗണിതം’, സി. നാരായണന്റെ ‘ചങ്ങമ്പുഴ’, ഡോ. എം. ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ ‘ധീരതയ്‌ക്കൊരു സമ്മാനം’, ടി. ബാലകൃഷ്ണന്റെ ‘ഉണ്ണിക്കൃഷ്ണൻ പൂതൂർ’, എസ്. സൈജയുടെ ‘ഇതു ഞാനാ’, ഷിനോജ് രാജിന്റെ ‘അനിയൻ പഴംപൊരി’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.