കാര്‍ഷിക മേഖലയില്‍ നിരവധി മാതൃകാ പദ്ധതികള്‍ നടപ്പാക്കിയ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ തരിശുരഹിത ഗ്രാമമാകാന്‍ ഒരുങ്ങുന്നു. തരിശുഭൂമികളുടെ പട്ടിക തയ്യാറാക്കി ഉടമസ്ഥരില്‍നിന്നും ഇവ പാട്ടത്തിനെടുത്ത് കൃഷി നടത്താനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്തില്‍ നടന്നുവരുന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് സുദര്‍ശനാ ഭായി സംസാരിക്കുന്നു.

കൃഷി ഊര്‍ജ്ജിതമാക്കും

18 വാര്‍ഡുകളിലായി മുപ്പത്തിയൊന്നായിരത്തിലധികം ജനങ്ങള്‍ താമസിക്കുന്ന പഞ്ചായത്തിന്റെ നാലു വാര്‍ഡുകള്‍ തീരദേശ മേഖലയാണ്. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ ഇതിനോടകം വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിയില്‍ ഏറെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായി. നെല്‍കൃഷിയും തെങ്ങു കൃഷിയും പുനരുജ്ജീവിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു. ഉള്ളി കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ മുല്ലകൃഷിയുമുണ്ട്.

ക്ഷീരകര്‍ഷര്‍ക്കും പിന്തുണ
പഞ്ചായത്ത് പരിധിയിലെ നാലു സൊസൈറ്റികളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകര്‍ക്കായി കാലിത്തീറ്റ സബ്സിഡി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നു. കോവിഡ് ബാധിച്ചവരുടെ വീടുകളിലെ പശുക്കളെ പരിപാലിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. പാലില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്ന ഒരു സംരംഭം പരിഗണനയിലുണ്ട്.
മൃഗപരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള സംവിധാനം കുടുംബശ്രീ മിഷന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. ഇതിനുള്ള സര്‍വേ നടന്നു വരികയാണ്.

വിദ്യാഭ്യാസമേഖലയില്‍ തിരുവിഴ മോഡല്‍

സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നു. എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

പെരുന്നേര്‍മംഗലം എല്‍.പി സ്‌കൂളിലെ (തിരുവിഴ സ്‌കൂള്‍) പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്. എല്‍.പി സ്‌കൂളാണെങ്കിലും ഇവിടെ അടിസ്ഥാന സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളും ഉന്നത നിലവാരത്തിലാണ്. എല്ലാ സ്‌കൂളുകളും ഇതേ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അങ്കണവാടികള്‍ ശിശുസൗഹൃദമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

പാലിയേറ്റീവ് പരിചരണം

കിടപ്പുരോഗികളുടെ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഒരു നഴ്‌സിന്റെ നേതൃത്വത്തില്‍ രോഗികളെ സന്ദര്‍ശിച്ച് പരിചരണം നല്‍കുന്നുണ്ട്. ആഴ്ച്ചതോറും ഭവനസന്ദര്‍ശനവുമുണ്ട്. പാലിയേറ്റീവ് പരിചരണത്തിനായി ഒരു സിസ്റ്ററുടെ നേതൃത്വത്തില്‍ കിടപ്പു രോഗികളെ സന്ദര്‍ശിച്ച് വേണ്ട പരിചരണം നല്‍കി വരുന്നു. ആഴ്ച തോറും വീടുകള്‍ സന്ദര്‍ശിക്കുന്നു.

ജലസ്രോതസുകളുടെ സംരക്ഷണം

പഞ്ചായത്തിലെ മൂന്നു വലിയ തോടുകള്‍ ആഴം കൂട്ടി വശങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കയര്‍ ഭൂവസ്ത്രം വിരിച്ചു. ഇടത്തോടുകള്‍ ശുചീകരിച്ച് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന ജോലികള്‍ കോവിഡ് സാഹചര്യത്തില്‍ നിലച്ചിരുന്നെങ്കിലും ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. എല്ലാ ജലസ്രോതസുകളിലെയും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.

മുഖം മിനുക്കാന്‍ മാരാരി ബീച്ച്

വിനോദസഞ്ചാര മേഖലയില്‍ ഏറെ സാധ്യതകളുള്ള സ്ഥലമാണ് മാരാരിക്കുളം ബീച്ച്. ബീച്ചിന്റെ നവീകരണത്തിനായി മൂന്നരക്കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ബീച്ചിലെ തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ ഒരു ഭാഗത്ത് ക്രമീകരിക്കുക, ടോയ്‌ലെറ്റ് സംവിധാനം, കുട്ടികളുടെ പാര്‍ക്ക്, പാര്‍ക്കിംഗ് ഏരിയ, സൈക്കിള്‍ വേ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റാടി ബീച്ചിലും നവീകരണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

വിട്ടുവീഴ്ച്ചയില്ലാത്ത മാലിന്യസംസ്‌കരണം

പഞ്ചായത്തില്‍ നേരത്തെ തന്നെ പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഉപയോഗം വര്‍ധിച്ചിരുന്നു. ഇത് നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ നടപ്പാക്കും.

വീടുകളില്‍ വൃത്തിയാക്കി വെയ്ക്കുന്ന പ്ലാസ്റ്റിക് ഹരിതകര്‍മ്മ സേന ശേഖരിച്ച് പ്ലാസ്റ്റിക് ശ്രെഡിങ് യൂണിറ്റില്‍ എത്തിച്ച് പൊടിക്കാവുന്നവ പൊടിച്ചും അല്ലാത്തവ തരംതരിച്ചും ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണവും നടത്തുന്നുണ്ട്.

കൈവിടാത്ത കോവിഡ് ജാഗ്രത

കോവിഡ് ഭീഷണി കുറഞ്ഞെങ്കിലും പഞ്ചായത്തില്‍ പ്രതിരോധ മുന്‍കരുതലുകള്‍ തുടരുകയാണ്. രണ്ടാം തരംഗത്തില്‍ പഞ്ചായത്തില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിരുന്നെങ്കിലും ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധിയെ അതിജീവിക്കാനായി. അനുഭവത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് പ്രതിരോധ മുന്‍കരുതലുകളും ജാഗ്രതാ സംവിധാനവും തുടരുന്നത്.

ഭാവിപദ്ധതികള്‍

വാര്‍ഡുകളിലെ വായനശാലകള്‍ കേന്ദ്രീകരിച്ച് അതതു പ്രദേശത്തെ യുവതീയുവാക്കളുടെ പേര് രജിസ്റ്റര്‍ ചെയ്ത് യോഗ്യത അനുസരിച്ച് പട്ടിക തയ്യാറാക്കി ഇവര്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. അതോടൊപ്പം ചെറുപ്പക്കാരായ വിധവകളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.