സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്ന ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഭാഗമായി റീസര്‍വ്വെയെ കുറിച്ച് ജനപ്രതിനിധികള്‍ക്കും അവര്‍ വഴി പൊതുജനങ്ങള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ തലത്തില്‍ ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ശില്പശാലകള്‍ വരും ദിവസങ്ങളില്‍ നടക്കും. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ ജനപ്രതിനിധികളുടെ പൂര്‍ണ്ണ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തീരുമെന്നും എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാനാകുമെന്നും സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പദ്ധതി ഏപ്രില്‍ മാസത്തോടെ ആരംഭിക്കുമെന്നും പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് റവന്യൂ മന്ത്രി അഡ്വ.കെ രാജന്‍ പറഞ്ഞു.

1666 വില്ലേജുകളില്‍ 1550 വില്ലേജുകളിലും നാലുവര്‍ഷക്കാലം കൊണ്ട് ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കും. 89 വില്ലേജുകളില്‍ റീസര്‍വ്വെ പൂര്‍ത്തീകരിച്ചിട്ടുണ്ട്, 27 വില്ലേജുകളില്‍ സര്‍വ്വേ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.  ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തില്‍ ആദ്യമായി കേരളം പൂര്‍ണ്ണമായി നാലുവര്‍ഷക്കാലം കൊണ്ട് ഡിജിറ്റലായി അളക്കുക എന്ന നടപടിക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്.

ഇതിനായി 807 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരവും ആദ്യഘട്ടമായി 339 കോടി രൂപ റീബില്‍ഡ്കേരള ഇനീഷിയേറ്റീവില്‍ ഉള്‍പ്പെടുത്തി സര്‍വെ വകുപ്പിന് അനുവദിക്കുകയും ചെയ്തു. മികച്ച പൊതു ജന പങ്കാളിത്വം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളെ ഡിജിറ്റല്‍ സര്‍വെയെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നത്.

കേരളത്തില്‍ 1666 വില്ലേജുകളില്‍ 913 വില്ലേജുകളിലാണ് റീസര്‍വേ നടപടി  നടന്നത്. കഴിഞ്ഞ 55 വര്‍ഷം കൊണ്ട് 55 ശതമാനം സ്ഥലങ്ങളിലാണ്  റീസര്‍വേ നടപടി പൂര്‍ത്തിയാക്കിയത്. ഇവയില്‍ 89 വില്ലേജുകളില്‍ മാത്രമാണ് ETS മെഷീന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ റീസര്‍വ്വേ നടന്നിട്ടുള്ളത്. മറ്റ് വില്ലേജുകളില്‍ പരമ്പരാഗത രീതിയിലുള്ള റീസര്‍വ്വേയാണ് നടന്നത്.

നിലവില്‍ 27 വില്ലേജുകളില്‍ കൂടി ഇ.ടി.എസ്. മെഷീന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ റീസര്‍വ്വേ പുരോഗതിയിലുണ്ട്. ജനകീയ ഇടപെടലുകള്‍ ശക്തി പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ജില്ലാതലം മുതല്‍ പ്രാദേശിക തലം വരെ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും.ജനപ്രതിനിധികള്‍ ജനകീയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. . സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായങ്ങള്‍ ജനകീയ കമ്മിറ്റികള്‍ വഴി ജനപ്രതിനിധികള്‍ നടത്തിയാല്‍ സര്‍വ്വേ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ആദ്യഘട്ടത്തില്‍ ജില്ലയിലെ പന്ത്രണ്ട് വില്ലേജുകളിലായാണ് റീസര്‍വേ നടക്കുന്നത്. സര്‍വെ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന്  നൂതന സാങ്കേതിക വിദ്യയായ COR  സ്റ്റേഷനുകള്‍ 28 എണ്ണം സ്ഥാപിച്ച്  RTK  റോവര്‍  മെഷീന്റെ സഹായത്താല്‍  70 മുതല്‍ 80 ശതമാനം വരെയുള്ള ഇടങ്ങളിലാണ് ഭൂമി ഡിജിറ്റലായി സര്‍വെ ചെയ്യുന്നത്. ശേഷിക്കുന്ന സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍, ലൈഡാര്‍ ക്യാമറ ഫിറ്റ് ചെയ്തുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യ എന്നിവയും ഉപയോഗിക്കും.

ഇതില്‍ ആദ്യ പടിയായി ഡ്രോണ്‍ അധിഷ്ടിത സര്‍വ്വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. റീസര്‍വെ സമയത്ത് റിക്കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി ലഭ്യമാക്കുക, തങ്ങളുടെ ഭൂമിയുടെ അതിര്‍ത്തികളില്‍ സര്‍വെ അടയാളങ്ങള്‍ സ്ഥാപിച്ച് ആയത് വ്യക്തമായി കാണുന്നവിധം കാട് വെട്ടി തെളിക്കുകയും,  സര്‍വെ കാലയളവില്‍ തന്നെ റിക്കാര്‍ഡുകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പ് വരുത്തുക  തുടങ്ങിയ നടപടികള്‍ ഭൂഉടമസ്ഥരുടെ ഭാഗത്ത് നിന്നു ഉണ്ടാകേണ്ടതാണ്. ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി,  പൂര്‍ണ്ണജന പങ്കാളിത്തത്തോടെയാണ് ഡിജിറ്റല്‍ സര്‍വ്വേ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ സീറാം സാംബശിവറാവു, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.