ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയമാകാന്‍ കാരവാന്‍ ടൂറിസത്തിന് കഴിഞ്ഞെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഒരു വര്‍ഷം നീളുന്ന നോര്‍ത്തേണ്‍ ലൈറ്റ്സ് ബേക്കല്‍ ടൂറിസം മിഷന്‍ 2022 എന്ന ക്യാംപെയിന്‍ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി മലബാറിലെ ആദ്യ ടൂറിസം കാരവാന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

മലബാറിലെ ടൂറിസം സാധ്യതകള്‍ ലോക ടൂറിസം ഭൂപടത്തില്‍ എത്തിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.അതിന് കാരവാന്‍ ടൂറിസം പോലെയുള്ള സാധ്യതകള്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.സാധാരണക്കാര്‍ക്കും യാത്ര ചെയ്ത് സൗകര്യ പ്രദമായി കാരവാന്‍ വാഹനം ഉപയോഗിക്കാം.ചുരുങ്ങിയ ദിവസത്തിനുളളില്‍ സംസ്ഥാനത്ത് 330 കാരവന്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞെന്നും പദ്ധതിക്ക് മികച്ച പിന്തുണയും സ്വീകാര്യതയും ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം മാപ്പില്‍ പ്രധാനപ്പെട്ട ജില്ലയാണ് കാസര്‍കോട്. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശം. ഈ സാഹചര്യത്തില്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് ബേക്കല്‍ ടൂറിസം മിഷന്‍ 2022 എന്ന ക്യാംപെയ്ന്‍ ബി ആര്‍ ഡി സി ഏറ്റെടുത്തത് ജില്ലയിലെ ടൂറിസം വികസനത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്നും കാസര്‍കോട് ടൂറിസത്തിന് ഉണര്‍വിന്റെ നാളുകളായിരിക്കും അഞ്ച് വര്‍ഷമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിനെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കാരവാന്‍ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. സുരക്ഷിത യാത്ര, സുരക്ഷിതമായ താമസം കുടുംബവുമൊന്നിച്ചുള്ള താമസം എന്നിവയാണ് ലക്ഷ്യം.ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ പി. ഷിജിന്‍ മാനേജര്‍ യു എസ് പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.