എറണാകുളം ജില്ലയുടെയും നഗരത്തിന്റെയും അതിരായ കുമ്പളം ഗ്രാമപഞ്ചായത്ത് അടിസ്ഥാനവികസനത്തോടൊപ്പം ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് രാധാകൃഷ്ണൻ.
എല്ലാവർക്കും കുടിവെള്ളം
പഞ്ചായത്ത് പരിധിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിച്ചുനല്‍കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ജലജീവൻ പദ്ധതി വഴിയാണ് ഇത് നടപ്പാക്കുന്നത്.
ജനകീയ ഹോട്ടല്‍, ഹരിത കര്‍മസേന
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. പഞ്ചായത്തിലെ ആളുകള്‍ക്കെന്ന പോലെ ഫിഷറീസ് സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭ്യമാകുന്നുണ്ട്.
അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി ഹരിത കര്‍മസേന
ആരംഭിച്ചു. ഒരു വാര്‍ഡിലേക്ക് രണ്ട് പേര്‍ എന്ന ക്രമത്തിൽ 36 സ്ത്രീകള്‍ക്ക് ഇതുവഴി ജോലി ഉറപ്പാക്കി. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. നിലവില്‍ മിനി എം.സി.എഫുകള്‍ ആണ് മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്നത്. ഇതിനു പകരം എം.സി.എഫുകള്‍ നല്‍കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എം.സി.എഫുകള്‍ വാങ്ങാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പൊക്കാളി കൃഷിയിലൂടെ കാർഷിക മേഖലയിൽ ഉണർവ്
തരിശായിക്കിടന്നിരുന്ന പൊക്കാളി പാടശേഖരത്ത് കൃഷി ആരംഭിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. കരനെല്‍കൃഷിയും പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്. പച്ചക്കറിക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. പാലുത്പാദന രംഗത്തുള്ള പ്രവര്‍ത്തനങ്ങളാണ് മറ്റൊരു പ്രധാന പദ്ധതി. പശു, ആട്, പോത്തുകുട്ടി എന്നിവയെയും വിതരണം ചെയ്തു വരുന്നു.
ദുരിതാശ്വാസ നിധി
വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന മുഴുവൻ ക്യാൻസര്‍ ബാധിതര്‍ക്കുമായി സാന്ത്വനം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്യാൻസര്‍ ബാധിതരായ ആളുകള്‍ക്ക് ധനസഹായം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
സാമൂഹിക വനവത്കരണം
സാമൂഹിക വനവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഴ്സറി ആരംഭിച്ചു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തില്‍ നിന്ന് ലഭിച്ച വിത്തുകള്‍ മുളപ്പിച്ച് പരിചരണം നല്‍കി വരുന്നുണ്ട്. സാമൂഹിക വനവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാൻ ഇത് സഹായകമായി.
മുന്നിലുണ്ട് നിരവധി ലക്ഷ്യങ്ങള്‍
ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് പരിചരണം നല്‍കാനുള്ള കേന്ദ്രം ആരംഭിക്കുക എന്നതാണ് മുന്നിലുള്ള പ്രധാന ലക്ഷ്യം. ഇതിനു പുറമെ പഞ്ചായത്തില്‍ എസ്.സി കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കളിസ്ഥലം ഒരുക്കുക എന്നതാണ് മറ്റൊരു പ്രധാന പദ്ധതി. പഞ്ചായത്ത് പരിധിയില്‍ പുറംപോക്ക് ഭൂമി ഇല്ലാത്തതിനാല്‍ ഇതിനാവശ്യമായ സഹായം നല്‍കാന്‍ സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. നിലാവ് പദ്ധതി വരും കാലങ്ങളിലും വിജയകരമായി നടപ്പാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഉറവിട മാലിന്യ സംസ്കരണത്തിനായി എല്ലാ വീടുകളിലും ബയോബിന്നുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഈ വര്‍ഷം രണ്ടായിരത്തോളം വീടുകളില്‍ ബയോബിന്നുകള്‍ വിതരണം ചെയ്തു.
അഭിമുഖം: തസ്നി സലിം