സംസ്ഥാനതല ഉദ്ഘാടനം നീലേശ്വരം വട്ടപ്പൊയില്‍ പ്രതിഭാ കേന്ദ്രത്തില്‍ നടന്നു

സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് ജില്ലയിലെ 41 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലും ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം സജ്ജമായി. മാനേജ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നീലേശ്വരം വട്ടപ്പൊയില്‍ പ്രാദേശിക പ്രതിഭാ കേന്ദ്രത്തില്‍ സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാര്‍ പി.പി.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ എല്‍.ആര്‍.സി കളിലെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ടി.പി. ലത, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എം.എം.മധുസൂദനന്‍, കെ.പി.രഞ്ജിത്ത്, ജി.എല്‍.പി.എസ് പേരോല്‍ ഹെഡ്മിസ്ട്രസ് കെ.ടി.നാരായണി എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സി ഹോസ്ദുര്‍ഗ് ബി.പി.സി എം.സുനില്‍കുമാര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. ഭാഷയിലും ഗണിതത്തിലും ഇംഗ്ലീഷിലും അടിസ്ഥാന പഠനനേട്ടങ്ങള്‍ ഉറപ്പാക്കാനാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്.
ജില്ലാ കേന്ദ്രത്തിലോ ബി ആര്‍ സി കേന്ദ്രത്തിലോ ഒരുക്കുന്ന ക്ലാസ് എല്ലാ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലും ലൈവായി കാണാന്‍ സൗകര്യമുണ്ടാകും. ഈ സംവിധാനം നടപ്പില്‍ വരുത്തുന്നതിനായി ജില്ലയിലെ ഏഴ് ബി ആര്‍ സി കളിലും ഒരു ലാപ്‌ടോപ്പും 41 പ്രതിഭാ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യവും ആദ്യഘട്ടത്തില്‍ നല്‍കും. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ്വാണ് നല്‍കിയത്. ഇത് തിരിച്ചറിഞ്ഞാണ് ഓണ്‍ലൈന്‍ സംവിധാനമായ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്നത്.
സമഗ്ര ശിക്ഷയുടെ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിലൂടെ കുട്ടികള്‍ക്ക് സമയബന്ധിതമായി പഠന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും വിലയിരുത്തി മെച്ചപ്പെടുത്താനും അവസരം ലഭിക്കും. കുട്ടികള്‍ക്കുള്ള പഠന വിഭവങ്ങള്‍, ലൈവ് ക്ലാസ്സുകള്‍, റെക്കോര്‍ഡഡ് വീഡിയോ ,
വര്‍ക്ക് ഷീറ്റുകള്‍, കുട്ടിക്ക് സ്വയം വിലയിരുത്താനുള്ള ടൂളുകള്‍, ഇന്ററാക്ഷനുള്ള ഓണ്‍ലൈന്‍ ഡിസ്‌കഷന്‍ പ്ലാറ്റ്‌ഫോം, വീഡിയോ കോണ്‍ഫറന്‍സിംഗ്, കുട്ടിയുടെ അറ്റന്റന്‍സ് , ഹോം വര്‍ക്ക്, പുരോഗതി വിലയിരുത്തുന്ന ഓട്ടോമാറ്റിക് അസസ്‌മെന്റ് ടൂള്‍ ,കുട്ടിയുടെ കഴിവിനും താല്‍പ്പര്യത്തിനും അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍, കുട്ടികളുടെ പ്രാദേശിക ഭാഷയില്‍ ക്ലാസ്സുകളും മെറ്റീരിയലുകളും തുടങ്ങിയവ സമഗ്ര ശിക്ഷയുടെ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം ലഭ്യമാക്കും.