എറണാകുളം: അങ്കമാലി അയ്യമ്പുഴയിലെ നിര്‍ദ്ദിഷ്ഠ ഗ്ളോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ് ആന്‍റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിക്കായുള്ള ഭൂമിയുടെ സർവേ നടപടികള്‍ പൂർത്തിയായി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ മാസം 25 നുള്ളിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കാനും തീരുമാനമായി. ഉടൻ തന്നെ നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍.

അയ്യമ്പുഴ വില്ലേജിലെ 358 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെയും വസ്തുക്കളുടെയും വിലനിശ്ചയിക്കുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കിയായിരുന്നു പ്രവർത്തനം. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഭൂമി പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ കിന്‍ഫ്രയ്ക്ക് കൈമാറുന്നത് ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്.കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ ടി.എൻ ദേവരാജന്‍, കിന്‍ഫ്ര അധികൃതർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.