ലിംഗ സമത്വവും സുസ്ഥിര വികസനവും പെട്ടന്ന് ഒരു ദിനത്തില്‍ ഉണ്ടാകേണ്ടതല്ലെന്നും അത് നിരന്തരമായി ശീലിക്കേണ്ടതാണെന്നും കുടുംബത്തിന്റെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റടുക്കാന്‍ തയ്യാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായി. ലിംഗ സമത്വവും സുസ്ഥിരവികസനവും തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നാണ്. അടുക്കളയില്‍ നിന്നും തുടങ്ങിയാണ് അത് സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.എ.ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉജ്ജ്വല ബാല്യം 2020ന് അര്‍ഹരായ വി. നിള, സിനാഷ എന്നീ കുട്ടികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. 250000 ക്യാഷ് പ്രൈസ് ,ട്രോഫി , സര്‍ട്ടിഫിക്കറ്റ് എന്നിവ ജില്ലാ കളക്ടര്‍ സമ്മാനിച്ചു.

സമൂഹത്തിന്റെ മുഖ്യധാരയില്‍ കഴിവ് തെളിയിച്ച 12 വനിതകളെയും ചടങ്ങില്‍ ആദരിച്ചു. ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.പുഷ്പ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ സമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബീനാമ്മ ജേക്കബ്, സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. ഗീതാകുമാരി, ശിശു ക്ഷേമ സമിതി സെക്രട്ടറി ടി.എം.എ.കരീം എന്നിവര്‍ സംസാരിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍ എം.വി.സുനിത സ്വാഗതവും കാസര്‍കോഡ് ഐസിഡിഎസ് സി.ഡി.പി.ഒ ഇ.കെ.ബിജി നന്ദിയും പറഞ്ഞു. സ്ത്രീധന സമ്പ്രദായം കാലഹരണപ്പെടും എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ ജില്ലാതല സംവാദ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് സ്ത്രീധന നിരോധന ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോഡ് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ യക്ഷഗാനം വീഡിയോ പ്രകാശനം ചെയ്തു