ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച ഓണം-ബക്രീദ് ഖാദി മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ശ്രദ്ധേയയായത് കോളജ് വിദ്യാര്‍ഥിനിയായ ഹനാന്‍. ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ അവതരിപ്പിച്ച ഖാദി ഫാഷന്‍ ഷോയില്‍ ഖാദിസാരിയുമണിഞ്ഞ് ഹനാനും റാമ്പിലെത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി എ.സി.മൊയ്തീനുമൊപ്പം വേദിയുലുണ്ടായിരുന്നു ഹനാനും. രണ്ടുവരി നിമിഷകവിതയും ഹനാന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. ഖാദി ബോര്‍ഡിന്റെ സമ്മാനമായി ചര്‍ക്കയുടെ മാതൃകയും എഴുതാന്‍ പേനയും ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
മീന്‍ വില്‍പനയിലൂടെ പഠനത്തിനും ഉപജീവനത്തിനും വഴി കണ്ടെത്തിയ ബി.എസ്‌സി വിദ്യാര്‍ഥിനി ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായപ്പോള്‍ സര്‍ക്കാരും കേരളമാകെയും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.