കേരളത്തില്‍ മികച്ച കായിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കായിക രംഗത്തെ മികവിനുള്ള ജി. വി. രാജ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നല്ലയൊരു കായിക സംസ്‌കാരത്തിന്റെ അഭാവം കായിക പുരോഗതിക്ക് വെല്ലുവിളിയാണ്. കായിക രംഗത്ത് ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഈ സാധ്യത പൂര്‍ണമായി ഉപയോഗിക്കാനാവണം. കായിക വികസനത്തിന് പുത്തന്‍ കുതിപ്പ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ തലത്തിലെ കായിക മേഖലയില്‍ സമൂല മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. കളിയിലൂടെ ആരോഗ്യം എന്ന പദ്ധതി ആവിഷ്‌കരിച്ചത് ഇതിനായാണ്. സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ പരാധീനതയ്ക്ക് പരിഹാരം കാണുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ അക്കാഡമിക നിലവാരം ഉയര്‍ത്താനും നടപടി തുടങ്ങി. കൂടുതല്‍ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ ആവശ്യമുണ്ടോയെന്നത് പരിശോധിക്കും.
കേരളത്തിന്റെ യശസ് ഉയര്‍ത്തുന്ന കായിക താരങ്ങള്‍ക്ക് ജീവിത സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി. 83 പേര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. കായിക താരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. സ്‌പോര്‍ട്‌സ് എന്‍ജിനിയറിംഗ് വിഭാഗം നല്‍കിയ പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. ഇവരെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തണം. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള സമൂഹം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇവരെ പ്രയോജനപ്പെടുത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ദ്ദേശീയ കായിക താരങ്ങളായ അനില്‍ഡ തോമസ്, രൂപേഷ് കുമാര്‍ എന്നിവര്‍ക്ക് ജി. വി. രാജ അവാര്‍ഡുകള്‍ മുഖ്യമന്ത്രി നല്‍കി. ഒളിമ്പ്യന്‍ സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫുട്ബാള്‍ പരിശീലകന്‍ ഗബ്രിയേല്‍ ജോസഫിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ചതിനുള്ള അവാര്‍ഡ് തലശേരി ഗവ. ബ്രണ്ണന്‍ കോളേജിന് നല്‍കി.
കേരളത്തിലെ കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 900 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് അധ്യക്ഷത വഹിച്ച കായിക മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് നിയമം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ കായിക രംഗത്തെ അശാസ്ത്രീയ നടപടികള്‍ അവസാനിപ്പിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച കായിക അധ്യാപകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. മാധ്യമ പുരസ്‌കാരങ്ങള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിതരണം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കായിക വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, ഭരണസമിതി അംഗങ്ങള്‍, കെ. എം. ബീനമോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.