ഇതു ഞങ്ങളുടെ കൂടി ഇടമാണെന്ന് പ്രഖ്യാപിച്ച് പ്രതീകാത്മക ചായക്കടയില്‍ വനിതാ ചര്‍ച്ച. ആരോഗ്യകേരളം വയനാട് ‘ഭൂമിക’ ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നിടങ്ങളിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വനിതാസംഘം ഒത്തുകൂടിയത്. ‘ഞങ്ങളിടം’ എന്ന പേരിലായിരുന്നു വനിതാ ദിനത്തിലെ വേറിട്ട പരിപാടി. ലിംഗസമത്വം സമൂഹത്തിന്റെ താഴെത്തട്ടില്‍ തന്നെ ആരംഭിക്കണമെന്ന സന്ദേശമാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലാതല ഉദ്ഘാടനം മേപ്പാടി ബസ് സ്റ്റാന്‍ഡ് പരിസരത്തെ കുടുംബശ്രീ വനിതാ മെസ്സില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി നിര്‍വഹിച്ചു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയുടെ ഇടപെടലുകളിലൂടെ സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയതിനെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. മുന്‍കാലങ്ങളെ അപേക്ഷിച്ച് തങ്ങള്‍ ഇപ്പോള്‍ ഇടപഴകുന്ന മേഖലകളിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഇവര്‍ പങ്കുവെച്ചു. ‘സുസ്ഥിരമായൊരു നാളേക്ക് വേണ്ടി ഇന്നേ വേണം ലിംഗസമത്വം’ എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യം. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും അതിക്രമങ്ങള്‍ തടയുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ‘ഭൂമിക’യുടെ പ്രചാരണം കൂടി ഇതോടൊപ്പം ഉദ്ദേശിക്കുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ജില്ലയിലെ ‘ഭൂമിക’ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9946108746. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘ദിശ’- 1056, 104, 0471 2552056.

മേപ്പാടിയില്‍ നടന്ന ക്യാമ്പയിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ നേതൃത്വം നല്‍കി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനീറ മുഹമ്മദ് റാഫി, പഞ്ചായത്ത് അംഗം പി. സുഹാദ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ ഹനീഫ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിനി പ്രഭാകരന്‍, വൈസ് ചെയര്‍പേഴ്സണ്‍ സഫിയ ഓടത്തോട്, ആരോഗ്യകേരളം ആര്‍ബിഎസ്‌കെ കോ-ഓഡിനേറ്റര്‍ സീന സിഗാള്‍, ജിബിവിഎം കോ-ഓഡിനേറ്റര്‍ റിന്‍സി തോമസ്, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ അഖില വിനോദന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുല്‍ത്താന്‍ ബത്തേരി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്, കൗണ്‍സിലര്‍ പ്രജിത രവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സേതുലക്ഷ്മി, സബ് ഇന്‍സ്പെക്ടര്‍ റംലത്ത്, സീസനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സഫിയ, ഭാഗ്യവതി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.എ നസീറ തുടങ്ങിയവര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ‘ഞങ്ങളിട’ത്തിന്റെ ഭാഗമായി.

ക്ലബ്ബ്കുന്നിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപമായിരുന്നു മാനന്തവാടിയിലെ വനിതാ കൂട്ടായ്മ. കൗണ്‍സിലര്‍മാരായ സിനി, സീമന്തിനി സുരേഷ്, ശാരദാ വിജയന്‍, ലീലാഭായി ടീച്ചര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.