സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കണം:
ജില്ലാ കളക്ടർ

കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് കൺവേർജൻസ് യോഗം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിലെ സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ തടയാൻ ഒരേ സ്വഭാവമുള്ള വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

വിവിധ വകുപ്പുകളുടെ ഏകോപന സാധ്യതകൾ, പുതിയ പദ്ധതികൾ, കൂടുതൽ ലഹരി വിമുക്ത കേന്ദ്രങ്ങളുടെ ആവശ്യകത, സ്നേഹിത പദ്ധതി നടത്തിപ്പിൽ വരുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. പദ്ധതികൾ ഏകോപിപ്പിക്കാൻ വാട്ട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങാനും യോഗത്തിൽ തീരുമാനമായി.

സ്നേഹിത കൗൺസിലർ കവിത ഗോവിന്ദ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡെപ്യൂട്ടി കളക്ടർ എൻ. എസ്.ബിന്ദു യോഗത്തിൽ മുഖ്യാതിഥി ആയി. ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി.മണി സംയോജന സാധ്യതകളെക്കുറിച്ച് ചർച്ച നയിച്ചു. കുടുംബശ്രീ, ചൈൽഡ്‌ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യ വകുപ്പ്, എക്സൈസ്, വനിതാ ശിശു വികസന വകുപ്പ്, നെഹ്റു യുവ കേന്ദ്ര, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, വനിതാ സെൽ, വിദ്യാഭ്യാസ വകുപ്പ്, ഭൂമിക, എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിനി സ്വാഗതവും സ്നേഹിത കൗൺസിലർ ജെസ്മിൻ ജോർജ് നന്ദിയും പറഞ്ഞു.