രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവർത്തിക്കുന്ന സംസ്ഥാനമാണു കേരളമെന്നും ഈ വർഷം 2,474 കോടി രൂപ പദ്ധതിയുടെ ഭാഗമായി വനിതകളുടെ കൈയ്യിൽ എത്തിക്കാൻ സാധിച്ചെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക പുരോഗതി ഉറപ്പാക്കാനും വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കാനും തൊഴിലുറപ്പ് പദ്ധതിക്കു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മാർച്ച് ഏഴു മുതൽ 13 വരെ നടത്തുന്ന ഐക്കോണിക്ക് വീക്കിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റ്മാരുടെയും വ്യക്തിഗത ആനുകൂല്യങ്ങൾ വഴി മികച്ച പ്രവർത്തനം നടത്തിയ വനിതാ ഗുണഭോക്താക്കളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ തൊഴിലുറപ്പ് സംവിധാനത്തിൽ സമ്പൂർണമായും വനിതാ മേറ്റുമാരാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇവർ തൊഴിലുറപ്പു പദ്ധതിയുടെ അവിഭാജ്യഘടകമാണ്. മികച്ച നേതൃപാടവവും പ്രവർത്തനം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഇവർ ആർജ്ജിച്ചു. വ്യക്തിഗത ഉപജീവന ആസ്തികൾ ലഭിച്ച വനിതകൾക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിച്ചെന്നും ഇത്തരം ആസ്തികൾ ഗ്രാമീണ ഉൽപ്പാദന മേഖലയ്ക്ക് മുതൽകൂട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ബി. അബ്ദുൾ നാസർ, കൗൺസിൽ അംഗം എസ്. രാജേന്ദ്രൻ, ജോയിന്റ് ഡെവലപ്മെന്റ് കമ്മിഷണർ എ. ലാസർ, ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ടി. ഷാജി, മേറ്റുമാരുടെ പ്രതിനിധികൾ, ഗുണഭോക്തൃ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
Home /പൊതു വാർത്തകൾ/രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ