താലിബാൻ ജയിലിൽ അടച്ച വനിതയുടെ ജയിൽ മോചനം പ്രമേയമാക്കിയ വിഖ്യാത അഫ്ഗാൻ ചിത്രം എ ലെറ്റർ ടു ദി പ്രസിഡന്റ് രാജ്യാന്തര ചലച്ചിത്രമേളയിൽ. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി റോയ സാദത്ത് സംവിധാനം ചെയ്ത ചിത്രം മേളയുടെ ജൂറിഫിലിംസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ എ ലെറ്റർ ടു ദി പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് .

സമൂഹത്തിലെ ജാതി വേർതിരിവുകളും വിധവകളുടെ ജീവിതവും ചർച്ച ചെയ്യുന്ന ഗിരീഷ് കാസറവള്ളിയുടെ  ഘടശ്രാദ്ധയാണ് ഈ വിഭാഗത്തിലെ മറ്റൊരു ചിത്രം.യു. ആർ .അനന്തമൂർത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ജീവിതാനുഭവത്തെ അടിസ്ഥാനമാക്കി മാനിയ അക്ബരി ഒരുക്കിയ ചിത്രം 10  + 4 ഉം ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.