ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിൽ എത്തിയാൽ ട്രയൽ റൺ നടത്തുമെന്ന്  വൈദ്യുതിമന്ത്രി എം.എം മണി അറിയിച്ചു. ഡാം തുറക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കയകറ്റുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുന്നതിനും മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയ പ്രകാരം കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി അതോറിറ്റി , ജില്ലാഭരണകൂടം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മഴയുടെ തോതും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനും കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതിനാലാണ് ഡാം തുറക്കുന്നത് ജലനിരപ്പ് 2398 അടിയെത്തുമ്പോൾ മതിയെന്ന  തീരുമാനത്തിലെത്തിയത്. സാധാരണ നിലയിൽ 24 മണിക്കൂർ മുമ്പ് മുന്നറിയിപ്പ്  നൽകി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സമയം നൽകി മാത്രമേ ഡാം ഷട്ടർ പരീക്ഷണ തുറക്കൽ നടത്തുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷണ തുറക്കൽ 4 മണിക്കൂർ
ഇടുക്കി ഡാമിലെ ജലനിരപ്പ് 2398 അടിയിൽ എത്തുമ്പോൾ ഡാം തുറക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി ജില്ലാകലക്ടറെ അറിയിക്കും കലക്ടറുടെ അനുമതിയോടെ മാത്രമേ ഡാം തുറക്കുകയുള്ളൂ. ട്രയൽ റൺ നടത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയശേഷം കലക്ടറുടെ അനുമതി ലഭിച്ചാലുടൻ ബോർഡ് നടപടി തുടങ്ങും. മുന്നറിയിപ്പ് സമയദൈർഘ്യം സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാകലക്ടറാണ് തീരുമാനമെടുക്കുക.
ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളിൽ നടുവിലുള്ള ഷട്ടറാകും ട്രയൽ റണ്ണിനായി തുറക്കുക. ഇത്  50 സെന്റീമീറ്ററിൽ ഉയർത്തിയാണ് വെള്ളം തുറന്നുവിടുന്നത്. കലക്ടറുടെ അനുമതി ലഭിച്ചാൽ 50 സെ.മീ ഷട്ടർ ഉയർത്തുന്നതിന് 10 മിനിറ്റ്  മതിയാകും. നാല് മണിക്കൂർ തുടർച്ചയായി വെള്ളം തുറന്നുവിടുമ്പോൾ 0.72 ദശലക്ഷം ക്വുബിക് മീറ്റർ (7,20,000 മീറ്റർ ക്യൂബ്) വെള്ളമാണ് പുറത്തേക്കൊഴുകുക. ഇത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ജലമാണ്.  ഒരു മണിക്കൂറിൽ 10 ലക്ഷം രൂപ പ്രകാരം  40 ലക്ഷം രൂപയുടെ വെള്ളം മാത്രമാണ് വൈദ്യുതി ബോർഡിന് വിനിയോഗിക്കേണ്ടിവരുകയുള്ളൂ.  കഴിഞ്ഞ 26 വർഷത്തിനു മുമ്പ് നേരത്തെ ഡാം തുറന്നിട്ടുള്ളത് 2401 അടിയിൽ ആയിരുന്നു. പരീക്ഷണ തുറക്കലിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഇനിയൊരുഘട്ടത്തിൽ ഡാം തുറക്കേണ്ടി വന്നാൽ പിന്നീടുള്ള നടപടികൾക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ഇതാണെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.
റോഷി അഗസ്റ്റിൻ എം.എൽ.എ, ജനപ്രതിനിധികൾ പൊതുപ്രവർത്തകർ എന്നിവരുടെ പിന്തുണയോടെ കലക്ടർ കെ. ജീവൻബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. അവലോകന യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, ഇ.എസ്.ബിജിമോൾ എം.എൽ.എ, വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, ജില്ലാകലക്ടർ കെ. ജീവൻബാബു, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാൽ, എ.ഡി.എം പി.ജി. രാധാകൃഷ്ണൻ, ആർ.ഡി.ഒ എം.പി വിനോദ്, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ, ജനപ്രതിനിധികളായ ആൻസി തോമസ്, പി.കെ. രാജു, ഷീബ ജയൻ, ഡോളി ജോസ് തുടങ്ങിയവർ പങ്കെടുത്തു. ചെറുതോണി ഡാമിൽ തുറന്ന കൺട്രോൾ റൂം മന്ത്രി സന്ദർശിച്ചു. കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എൽ.എ, ലിസമ്മ സാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.