ടൂറിസം വികസനത്തിന് സമഗ്ര പ്രൊജക്ട് തയ്യാറാക്കുന്നു

ഗ്രാമ വിശുദ്ധി ഒട്ടും കൈവിടാതെ ആ നന്മയിലേക്ക് സഞ്ചാരികളെ കൈമാടി വിളിക്കുകയാണ് മയ്യില്‍ ഗ്രാമ പഞ്ചായത്ത്. കണ്ണൂരിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് കരുത്ത് പകരുന്ന നിരവധി കാഴ്ചകളും പുത്തനനുഭവങ്ങളുമാണ് ഇവിടെ സഞ്ചാരികള്‍ക്കായി പ്രകൃതി കാത്തു വെച്ചിരിക്കുന്നത്. നഷ്ടമായികൊണ്ടിരിക്കുന്ന ഗ്രാമീണത എല്ലാ തനിമയോടെയും നിലനിര്‍ത്തുകയും അതിലൂടെ വിനോദ സഞ്ചാര രംഗത്ത് ശക്തമായ സാന്നിധ്യമറിയിക്കുകയുമാണ് ഇവര്‍. ജലസമൃദ്ധിയാലും സസ്യ സമ്പത്താലും മനോഹര പ്രകൃതിയാലും ചുറ്റപ്പെട്ട ഇവിടം മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് മയ്യില്‍ പഞ്ചായത്ത്. ജെയിംസ് മാത്യു എല്‍ എല്‍ എയുടെ സഹായത്തോടെ തയ്യാറാക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്.

പറശ്ശിനിക്കടവ് മുതല്‍ പരിപ്പുംകടവ് വരെ നീണ്ടു കിടക്കുന്ന 16 കിലോമീറ്റര്‍ പുഴയും ആള്‍പ്പാര്‍പ്പുള്ള തുരുത്തുകളും തുരുത്തുകളിലെ കള്ള് ചെത്തും, 390 ഹെക്ടറില്‍ പരന്നു കിടക്കുന്ന നെല്‍പാടങ്ങളും, കുളങ്ങളും, തോടുകളും, തെയ്യങ്ങളും, മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്ന ഉത്സവങ്ങളും നിറഞ്ഞു നില്‍ക്കുന്നതാണ് മയ്യില്‍ ഗ്രാമം. ഇതിന് ഗ്രന്ഥശാലകളുടെ നാടെന്നും വിളിപ്പേരുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമെത്തുന്ന സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന തോണി യാത്രയ്ക്കും ഇവിടെ വിപുലമായ സാധ്യതയാണുള്ളത്.

തുരുത്തുകളിലെ ജിവിതവും കള്ള് ചെത്തും കണ്ടല്‍ക്കാടുകളും കണ്ടാസ്വദിച്ച് നടത്തുന്ന ജലയാത്രകള്‍ ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നമാണ്. 154 വീടുകളുള്ള കോര്‍ളായി തുരുത്താണ് മയ്യില്‍ പഞ്ചായത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ആള്‍പ്പാര്‍പ്പുള്ളതടക്കം 15 ഓളം തുരുത്തുകള്‍ പഞ്ചായത്തിലുണ്ട്. ഫാം ടൂറിസത്തിന് ഏറെ സാധ്യതകളുള്ള ഇവിടെ നെല്ല്, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയവയുടെ കൃഷിയും നന്നായി നടക്കുന്നുണ്ട്. കോഴി ഗ്രാമം പദ്ധതിയും പഞ്ചായത്തില്‍ നടപ്പപിലാക്കി വരുന്നു.

പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി നടത്തുന്ന നെല്‍കൃഷിയില്‍ 220 മേനി വിളവാണ് ഇത്തവണ ലഭിച്ചത്. തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്ത പാടത്ത് ഒരു ഹെക്ടറില്‍ നിന്നും ആറു ടണ്‍ അരിയാണ് വിളവ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് സംസ്‌കരിച്ച് ‘മയ്യില്‍ സമൃദ്ധി റൈസ്’ എന്ന പേരില്‍ അരി വിപണിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. മയ്യില്‍ ബസ്റ്റാന്റിന് സമീപമുള്ള ഔട്ട്‌ലെറ്റിലും ഇൗ അരി ആവശ്യക്കാര്‍ക്ക് ലഭിക്കും. സമ്പൂര്‍ണ തരിശ് രഹിത പഞ്ചായത്ത് കൂടിയാണ് ഇവിടം. മനോഹരമായ കൈവയലുകളും ഇവിടുത്തെ പ്രത്യേകതയാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ 12 കിലോമീറ്റര്‍ ദൂരത്തില്‍ 20,000 കണ്ടല്‍ തൈകളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെച്ചു പിടിപ്പിച്ചത്. കൂടാതെ അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നക്ഷത്രത്തിലുമുള്ള മരങ്ങള്‍ നട്ടുവളര്‍ത്തുന്ന നക്ഷത്രവനം, മക്കളുടെ പേരില്‍ മരം നടുന്ന ‘മക്കള്‍ മരം’ പദ്ധതികളും പ്രകൃതി സംരക്ഷണ രംഗത്ത് പഞ്ചായത്ത് നടത്തിയ ഫലപ്രദമായ ഇടപെടലുകളാണ്. ശ്മശാനങ്ങളില്‍ ശാന്തിവനമെന്ന പേരില്‍ ദശപുഷ്പ്പങ്ങളും നാല്‍പ്പാമരങ്ങളും വളര്‍ത്തുന്ന പദ്ധതിയുമുണ്ട്. കേരളത്തിലെ ആദ്യത്തെ കറിവേപ്പില ഗ്രാമവും ഈ പഞ്ചായത്തിലാണ് എന്നതും ശ്രദ്ധേയം.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വീട്ടില്‍ ഒരു വേപ്പും കറിവേപ്പും എന്ന ഗൃഹചൈതന്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പപ്പായ, കാന്താരി, മുരിങ്ങ എന്നീ മൂന്ന് ഔഷധ സസ്യങ്ങള്‍ കൂടി പഞ്ചായത്തിന്റെ വകയായി വിതരണം ചെയ്തുവരുന്നു. മികച്ച ജനസേവനത്തിന് ഐ എസ് ഒ അംഗീകാരം നേടിയ പഞ്ചായത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വിവിധ പദ്ധതികളിലായി ഒന്നര ലക്ഷം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. വായന ശാലകളുടെ സഹായത്തോടെ ഓണ്‍ലൈന്‍ കാര്‍ഷിക പ്രചാരണവും ഇവിടെ നടക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് മാത്രമല്ല ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒട്ടേറെ നല്ല മാതൃകകള്‍ മനസ്സിലാക്കാന്‍ കഴിയും.

സഞ്ചാരികള്‍ക്ക് മാത്രമല്ല ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒട്ടേറെ നല്ല മാതൃകകള്‍ മനസ്സിലാക്കാന്‍ കഴിയും. പഞ്ചായത്ത് മാലിന്യരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. സമ്പൂര്‍ണ ശുചിത്വ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധിക്കുകയും, വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഓരോ വീടും കാര്‍ഷിക പുരയിടമാക്കുക, മാലിന്യമുക്ത പരിസരമാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പരിസര ശുചിത്വം ഉറപ്പുവരുത്തുന്നതിനായി 15 വീടുകള്‍ വീതമുള്ള 362 നാനോ ക്ലസ്റ്ററുകളും പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുണ്ട്.