മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി. പരാതികളിൽ 95 ശതമാനവും തീർപ്പാക്കാനായിട്ടുണ്ട്.
കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് സമാന്തരമായി പ്രവർത്തിച്ചിരുന്ന സംവിധാനങ്ങളെ സംയോജിപ്പിച്ച് ഐ.ടി. അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നൽകിയത്. നേരത്തെ പൊതുഭരണ (CMPGRC) വകുപ്പ്, പിആർഡി എന്നിവയുടെ നിയന്ത്രണത്തിലുളള സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന കോൾ സെന്റർ, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ, ജില്ലാതലങ്ങളിലെ സുതാര്യ കേരളം സെല്ലുകൾ എന്നിങ്ങനെയുള്ള സംവിധാനങ്ങളെയാണ് ഏകോപിപ്പിച്ചത്.
2016ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് മുഖ്യമന്ത്രിയ്ക്ക് ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സമാന്തരമായ നിരവധി സംവിധാനങ്ങളാണ് പ്രവർത്തിച്ചിരുന്നത്. അവയെ സംയോജിപ്പിച്ച് ഐ ടി അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നൽകിയതിലൂടെ ജീവനക്കാരുടെ പ്രവർത്തനങ്ങളെ ഏകീകരിക്കാനും പരാതികളിൽ കാര്യക്ഷമായി ഇടപെടാനും കഴിയുന്നുണ്ട്.
പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച് 36 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുന്നുണ്ട്. ഇത് ഉറപ്പ് വരുത്താൻ പരാതി ലഭിച്ചാലുടൻ ബാർ കോഡ് സ്റ്റിക്കർ പതിപ്പിച്ച് രജിസ്റ്റർ ചെയ്യും. അത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പരാതികൾ ആരുടെ കൈവശം ഇരിക്കുന്നുവെന്ന് വേഗത്തിൽ കണ്ടെത്താനാകും.
പരാതികൾ തീർപ്പാക്കുന്നതിന്റെ നിലവാരം ഉറപ്പുവരുത്താനും സംവിധാനമുണ്ട്. മാർഗ്ഗനിർദ്ദേശാനുസരണമാണോ പരാതികൾ തീർപ്പാക്കുന്നത് എന്ന് പരിശോധിക്കും. അല്ലാത്തവ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ റീ-ഓപ്പൺ ചെയ്ത് ശരിയായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സ്‌ട്രെയിറ്റ് ഫോർവേഡ് സംവിധാനവും ആരംഭിച്ചിരുന്നു. പരാതികൾക്ക് ലഭിക്കുന്ന മറുപടിയെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 1076 ൽ അറിയിച്ചാൽ സത്വരനടപടി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന പരാതികളിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും നിർദ്ദേശാനുസരണമുള്ള നടപടി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യാറുണ്ട്.
പരാതി സമർപ്പിക്കുന്നതു മുതൽ തീർപ്പാക്കുന്നതുവരെയുള്ള ഓരോ നീക്കവും എസ് എം എസിലൂടെയും ഓൺലൈനായി പരാതിക്കാർക്ക് അറിയാനാകും. പരാതികളിൽ ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാരുടെയും, വകുപ്പ് മേധാവികളുടെയും, വകുപ്പ് സെക്രട്ടറിമാരുടെയും യോഗം നിശ്ചിത ഇടവേളകളിൽ ചേരാറുണ്ട്. പരാതികളുടെയും, ദുരിതാശ്വാസനിധിയിൽ നിന്നുളള ധനസഹായത്തിനുള്ള അപേക്ഷകളുടെയും തീർപ്പാക്കൽ പുരോഗതി അവലോകനം നടത്താറുണ്ട്.
2020ൽ കമ്പ്യൂട്ടർ സെല്ലിനും, പൊതുജന പരാതി പരിഹാര സംവിധാനത്തിനും ഐ എസ് ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ടോൾ ഫ്രീ നമ്പറിൽ വിളിക്കുന്ന ഓരോ വ്യക്തിക്കും ലഭിച്ച സേവനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന റാങ്കിംഗ് സംവിധാനവും 2021 ഒക്ടോബറിൽ ആരംഭിച്ചിട്ടുണ്ട്.