നാടിന് ആവശ്യമായതും ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ ഇപ്പോൾ വേണ്ടെന്നു പറയുന്നവരോട് പിന്നെ എപ്പോൾ എന്നു മാത്രമേ ചോദിക്കാനുള്ളൂ. ഇന്നു ചെയ്യേണ്ടത് ഇപ്പോൾ ചെയ്യണം. നാളെ ചെയ്യേണ്ടതു നാളെ ചെയ്യണം. അത്തരത്തിലേ മുന്നോട്ടുപോകാനാകൂ. നാടിന്റെ വികസനത്തോടൊപ്പമാണ് എല്ലാവരുമെന്നും എത്ര എതിർപ്പുയർത്താൻ ശ്രമിച്ചാലും വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വില്ലേജ് ഓഫിസുകളുടെ ഭാഗമായി വില്ലേജ്തല ജനകീയ സമിതി രൂപീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഉള്ളിടത്തുതന്നെ നിന്നാൽ പോര. നാളെയെക്കണ്ടുള്ള, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെക്കണ്ടുള്ള വികസനമാണ് നാടിന് ആവശ്യം. ആ വികസന ലക്ഷ്യവുമായാണു സർക്കാർ മുന്നോട്ടുപോകുന്നത്.

പശ്ചാത്തല സൗകര്യ വികസനത്തിനു സർക്കാർ സ്വീകരിക്കുന്ന നടപടികളെ നാട് പിന്താങ്ങുന്നുണ്ട്. പല കാര്യങ്ങളും ഇപ്പോൾ നടക്കാൻ പാടില്ല എന്ന് ചിലർ ചിന്തിക്കുന്നുണ്ട്. അതു നാടിനു ഗുണകരമാകില്ല. ഇപ്പോൾ വേണ്ടെന്നു പറഞ്ഞു പദ്ധതികൾ മാറ്റിവയ്ക്കാൻ തയാറായിരുന്നെങ്കിൽ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ നടന്ന പശ്ചാത്തല സൗകര്യ വികസനം സാധ്യമാകുമായിരുന്നില്ല. നമുക്കു ചുറ്റുമുള്ള സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രി സംവിധാനങ്ങളിലുമെല്ലാം വലിയ മാറ്റം ഇന്ന് പ്രകടമാണ്.

ഒരു കാലത്ത് ദേശീയ പാതാ വികസനം യാഥാർഥ്യമാകില്ലെന്ന് എല്ലാവരും കണക്കാക്കിയിരുന്നു. ഇന്ന് അങ്ങനെ ചിന്തിക്കുന്ന ആരുമില്ല. കാസർകോഡ് വരെ യാത്രനടത്താൻ തയാറാകുന്നവരെ ആവേശം കൊള്ളിക്കുന്ന കാഴ്ചയാണ് ഇന്നു കാണാനാകുന്നത്. ഇത് ഇവിടെ നിർത്തുന്നില്ല, ഒരു ഭാഗത്ത് മലയോര ഹൈവേയും തീരദേശ ഹൈവേയും യാഥാർഥ്യമാകാൻ പോകുന്നു. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ടുപോകുന്നു.

50000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പാക്കുമെന്നു സർക്കാർ പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചിരുന്നു. എവിടുന്നാണു പണമെന്നും മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നുമായിരുന്നു വാദം. ഇപ്പോൾ സ്വപ്നമല്ലെന്നും യാഥാർഥ്യമാണെന്നും നാടിനു തിരിച്ചറിയാൻ കഴിഞ്ഞു. 50,000 അല്ല എഴുപതിനായിരത്തോളം കോടി രൂപയുടെ പദ്ധതികൾക്കാണ് ഇപ്പോൾ അംഗീകാരമായിട്ടുള്ളത്. ഇതെല്ലാം നാടിന്റെ അഭിവൃദ്ധിക്കാണ്. നമുക്കുവേണ്ടിയാണെന്നല്ല, നമ്മുടെ കുഞ്ഞുങ്ങൾക്കും അതിനു ശേഷമുള്ള തലമുറകൾക്കും വേണ്ടുള്ളതാണ്. നാട് എപ്പോഴും നവീകരിച്ചുകൊണ്ടിരിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.