* 95 യൂണിറ്റുകൾ; 2,78,623 പേര് അംഗങ്ങൾ
* ചെലവഴിച്ചത് 39 കോടിയോളം രൂപ
സംസ്ഥാനത്തെ നഗരസഭകളുമായി ചേര്ന്ന് 65 വയസിന് മുകളില് പ്രായമുളള മുതിര്ന്ന പൗരന്മാര്ക്ക് മൊബൈല് ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്സിലിംഗ് എന്നിവ നല്കി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് വയോമിത്രം പദ്ധതി. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനാണ് വയോമിത്രം നടപ്പാക്കുന്നത്. നിലവില് 2,78,623 പേര് പദ്ധതിയില് അംഗങ്ങളാണ്.
ആറ് കോര്പ്പറേഷനിലും 85 മുനിസിപ്പല്-നഗരസഭ പ്രദശത്തും നാല് ബ്ലോക്ക്-പഞ്ചായത്തിലുമായി 95 വയോമിത്രം യൂണിറ്റുകള് കേരളത്തില് പ്രവര്ത്തിക്കുന്നുണ്ട്. സൗജന്യ ചികിത്സക്ക് പുറമെ മുതിർന്ന പൗരന്മാര്ക്ക് മാനസിക ഉല്ലാസം പ്രധാനം ചെയ്യാനുള്ള പരിപാടികള്, വിവിധ ദിനാചരണങ്ങള്, സ്‌പെഷ്യാലിറ്റി മെഡിക്കല് ക്യാമ്പുകള് തുടങ്ങിയവയും വയോമിത്രം പദ്ധതി വഴി നടപ്പാക്കുന്നുണ്ട്.
ജനകീയ പങ്കാളിത്തത്തോടുകൂടി വയോമിത്രത്തെ നഗരപ്രദേശങ്ങളിലെ മുതിര്ന്ന പൗരന്മാരുടെ കൂട്ടായ്മയായി വളര്ത്താനുള്ള ശ്രമങ്ങള് സാമൂഹിക സുരക്ഷാ മിഷന് നടത്തിവരികയാണ്. ഒരു യൂണിറ്റില് ഒരു മെഡിക്കല് ഓഫീസര്, സ്റ്റാഫ് നേഴ്‌സ്, ജൂനിയര് നഴ്‌സ് എന്നിവര് കൂടാതെ വയോമിത്രം പദ്ധതി ഏകോപിപ്പിക്കാൻ വയോമിത്രം കോര്ഡിനേറ്ററും പ്രവര്ത്തിക്കുന്നുണ്ട്.
2-3 യൂണിറ്റുകള്ക്ക് ഒരു കോര്ഡിനേറ്റര് എന്ന നിലക്കാണ് പ്രവര്ത്തനം.
വയോമിത്രം പദ്ധതി സഹായത്തിന് പ്രത്യേക അപേക്ഷാഫീസില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വയോമിത്രം ഓഫീസുമായി ബന്ധപ്പെട്ടാല് രജിസ്ട്രേഷന് നടത്താം. 2021-22 സാമ്പത്തിക വര്ഷത്തില് 24 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. 3993.82 ലക്ഷംരൂപ ചെലവ് ഇനത്തില് വന്നതില് 2308.60 ലക്ഷം രൂപ സംസ്ഥാന മെഡിക്കല് സർവീസസ് കോര്പ്പറേഷനാണ് നല്കിയത്. വാര്ദ്ധക്യ കാലത്ത് ആരാലും തിരിഞ്ഞുനോക്കാതെ പോകുന്നവര്ക്ക് വലിയ സഹായവും ആശ്വാസവുമാണ് സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന വയോമിത്രം പദ്ധതി.